കൊച്ചി: പത്തനംതിട്ട ജില്ലയിലെ പുറമറ്റം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ തോമസിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ പഞ്ചായത്ത് അംഗങ്ങൾക്കു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
ജൂലായ് ഏഴിന് നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ പൊലീസ് സംരക്ഷണം തേടി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയൻ, അംഗങ്ങളായ ജൂലി. കെ. വർഗ്ഗീസ്, വിനീത് കുമാർ, ജോളി ജോൺ, റിൻസി തോമസ്, കെ.വി. രശ്മിമോൾ, കെ.കെ. നാരായണൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനു ശിവരാമനാണ് ഇടക്കാല ഉത്തരവു നൽകിയത്. ജൂലായ് ഏഴിന് പഞ്ചായത്ത് അംഗങ്ങൾക്കും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് ഓഫീസിൽ വന്നു പോകുന്നതിന് മതിയായ സംരക്ഷണം നൽകാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്.
13 അംഗ പഞ്ചായത്തിൽ കോൺഗ്രസിന് അഞ്ച് അംഗങ്ങളും സി.പി.എമ്മിന് മൂന്ന് അംഗങ്ങളുമാണുള്ളത്. ശേഷിച്ച അഞ്ച് അംഗങ്ങൾ സ്വതന്ത്രരാണ്. വനിതാ സംവരണമുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് പിന്തുണയോടെയാണ് സ്വതന്ത്രയായ സൗമ്യ വിജയൻ തിരഞ്ഞെടുക്കപ്പെട്ടത്. സൗമ്യയ്‌ക്കെതിരെ ഇടതു അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ജൂൺ 22 നു ചർച്ചയ്‌ക്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ക്വാറം തികയാത്തതിനാൽ നടന്നില്ല. അവിശ്വാസ പ്രമേയം പാസാക്കാനാകാതെ വന്നതോടെ പ്രതിപക്ഷാംഗങ്ങൾ പ്രസിഡന്റിനെ ആക്രമിച്ചെന്നും ഇവരുടെയാളുകൾ പഞ്ചായത്തിന്റെ വാഹനം തകർത്തെന്നും ഹർജിയിൽ പറയുന്നു. വാഹനം തകർത്ത് സർക്കാരിന് മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി. എന്നാൽ പൊലീസ് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയതെന്നും ഹർജിക്കാർ ആരോപിക്കുന്നു. കൂറുമാറിയ വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയിൽ തങ്ങളെ തടയാനിടയുണ്ടെന്നും പ്രതിപക്ഷ അംഗങ്ങളും അവരുടെ ആളുകളും ആക്രമിക്കാനിടയുണ്ടെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു.