
മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ 2019-20 വർഷത്തെ മികച്ച വനിതാ സഹകരണ സംഘമായി വാളകം വനിതാ സഹകരണ സംഘത്തെ തിരഞ്ഞെടുത്തു. പ്രവർത്തന മികവിൽ സംഘം ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മുൻ സഹകരണ മന്ത്രി എസ്. ശർമ്മയിൽ നിന്ന് പ്രസിഡന്റ് ലിസി മഹാദേവൻ, സെക്രട്ടറി ടി.എൻ. മിനി മോൾ, ബോർഡ് അംഗം മായ വത്സൻ, മുൻ പ്രസിഡന്റ് കെ.വി. സരോജം എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 2002 ൽ പ്രവർത്തനമാരംഭിച്ച സംഘത്തിന് വനിതാ സംഘങ്ങൾക്ക് ഇടയിൽ നിന്ന് ആദ്യമായി നീതി മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നതിനും അതിനൊപ്പം ഗാർമെന്റ് മാനുഫാക്ചറിംഗ് യൂണിറ്റ് തുടങ്ങുന്നതിനും കഴിഞ്ഞിരുന്നു. സ്വയം തൊഴിൽ വായ്പ, സ്വർണ്ണപ്പണയ വായ്പ, ലോക്കർ സംവിധാനം എന്നിവ അംഗങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. അംഗീകാരം സഹകാരികൾക്ക് സമർപ്പിക്കുന്നതായി പ്രസിഡന്റ് ലിസി മഹാദേവൻ പറഞ്ഞു.