school

ആലുവ: വാഹനത്തിരക്കേറിയ ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡരികിൽ പ്രവർത്തിക്കുന്ന കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുമ്പിൽ സീബ്രാലൈനും മുന്നറിയിപ്പ് ബോർഡുമില്ലാത്തത് വിദ്യാർത്ഥികൾക്ക് ഭീഷണിയാവുന്നു. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഇവിടെ തിരക്ക് വർദ്ധിക്കും. ഒപ്പം അപകടഭീതിയും.

സീബ്രാലൈൻ ഇല്ലാത്തതിനാൽ റോഡ് കുറുകെ കടക്കാൻ പോലും വിദ്യാർത്ഥികൾ പ്രയാസപ്പെടുകയാണ്. സ്കൂൾ പരിസരത്ത് വലിയ വാഹനങ്ങൾ ഉൾപ്പെടെ അമിത വേഗതയിലാണ് പോകുന്നത്. നിലവിൽ ചെറിയ വ്യക്തതയില്ലാത്ത ഒരു സൂചന ബോർഡ് മാത്രമേ ഇവിടെയുള്ളൂ.

കെ.ജി മുതൽ ഹയർ സെക്കൻഡറി വരെയായി ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. ഭൂരിഭാഗം കുട്ടികളും നിർദ്ധന കുടുംബത്തിൽ നിന്നുള്ളവരാണ്. കാൽനടയായും സൈക്കിളിലുമാണ് ഇവരെത്തുന്നത്. കീഴ്മാട് അന്ധ വിദ്യാലയത്തിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർത്ഥികളും ഇവിടെയാണ് പഠിക്കുന്നത്. വൈകിട്ട് നാട്ടുകാരാണ് കുട്ടികളുടെ സുരക്ഷയ്ക്കായി ഗതാഗതം നിയന്ത്രിക്കുന്നത്. ട്രാഫിക്ക് പൊലീസിന്റെ സേവനവും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

പലവട്ടം അവശ്യപ്പെട്ടിട്ടും

ഫലമുണ്ടായില്ല

സ്‌കൂളിന് മുന്നിൽ സീബ്രാലൈൻ സ്ഥാപിക്കണമെന്ന് നിരവധി തവണ പി.ഡബ്ളിയു.ഡി അധികാരികളോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ടി.എസ്. നൗഷാദ്, പി.ടി.എ പ്രസിഡന്റ് പി.എം. ഗഫൂർ എന്നിവർ പറഞ്ഞു. ഒരു വർഷത്തോളമായി ഈ ആവശ്യവുമായി പി.ഡബ്ളിയു.ഡി ഓഫീസിൽ കയറി ഇറങ്ങുന്നു. കീഴ്മാട് ഗ്രാമപഞ്ചായത്തും വിഷയം അധികാരികളെ അറിയിച്ചിട്ടുണ്ട്.

വാഹനങ്ങൾ വേഗത കുറച്ചു പോകുന്നതിന് വലിയ സൂചന ബോർഡ് സ്ഥാപിക്കുകയും റോഡ് മുറിച്ച് കടക്കുന്നതിന് സീബ്രാ ലൈൻ വരച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭീതി അകറ്റാനും അടിയന്തര നടപടി വേണം.