തൃക്കാക്കര: ടാക്‌സും ഇൻഷ്വറൻസും ലൈസൻസുമില്ലാതെ പന്ത്രണ്ട് സ്കൂൾ കുട്ടികളുമായി സർവീസ് നടത്തിയ ഓട്ടോഡ്രൈവർക്കും ഓട്ടോ ഉടമയ്ക്കുമെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ജി.അനന്തകൃഷ്ണന്റെ നിർദേശത്തെത്തുടർന്നായിരുന്നു നടപടി. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ടുചെയ്തിരുന്നു.
ഇന്നലെ രാവിലെ കാക്കനാട് - മൂവാറ്റുപുഴ റോഡിൽ മൂവാറ്റുപുഴ കിഴക്കേക്കര ഈസ്റ്റ് ഗവ. സ്‌കൂളിന് സമീപം നടന്ന പരിശോധനയിലാണ് അപകടകരമായ രീതിയിൽ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ എം.വി.ഐ ശ്രീനിവാസ് ചിദംബത്തിന്റെ ശ്രദ്ധയിൽപെട്ടത്. ഓട്ടോയെ പിന്തുടർന്ന ഉദ്യോഗസ്ഥർ സമീപത്തെ സ്കൂളിലേക്ക് കുട്ടികളെ ഇറക്കാൻ കയറ്റിയതോടെ പിടികൂടുകയായിരുന്നു. ഓട്ടോയിൽ പന്ത്രണ്ട് കുട്ടികളുണ്ടായിരുന്നു. ഓട്ടോയുടെ രേഖകൾ പരിശോധിച്ച മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ ഞെട്ടി. വാഹനത്തിന് ഫിറ്റ്നസും ടാക്‌സും ഇൻഷ്വറൻസും ഡ്രൈവർക്ക് ലൈസൻസും ഇല്ലായിരുന്നു.
മറ്റ് സ്കൂളുകളിലേക്ക് പോകേണ്ട കുട്ടികളെ മോട്ടോർ വാഹനവകുപ്പിന്റെ വാഹനത്തിൽ എ.എം.വി.ഐമാരായ സെമിയുള്ള, എൽദോസ് രാജ് എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചു.
സംഭവത്തിൽ ഡ്രൈവർ ഷിബുവിനും ഓട്ടോ ഉടമയ്ക്കുമെതിരെ കേസെടുത്തു. വാഹനം മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം, തൃപ്പൂണിത്തുറ, അങ്കമാലി തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 20 വാഹങ്ങൾക്കെതിരെ കേസെടുത്തു.