അങ്കമാലി: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു. അങ്കമാലി തുറവൂർ കിടങ്ങൂർ വലിയോലിപ്പറമ്പിൽ വീട്ടിൽ ആഷിഖ് മനോഹരനെയാണ് (29) കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, സ്‌ഫോടകവസ്തു നിയമം തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. 2017ൽ ആഷിഖിനെ ഒരുവർഷത്തേക്ക് കാപ്പചുമത്തി നാടുകടത്തിയിരുന്നതാണ്. ഇത് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും കോടതി ഒരുവർഷംവീതം ശിക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കിടങ്ങൂരിൽവച്ച് വിഷ്ണു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞുവരികെയാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 52പേരെ കാപ്പചുമത്തി ജയിലിലടച്ചു. 35 പേരെ നാടുകടത്തി.