ചോറ്റാനിക്കര: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ടൂറിസം സർക്യൂട്ട് പദ്ധതിക്ക് സെന്റ് തെരേസാസ് കോളേജിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ഫ്രഞ്ചുമായി സഹകരിച്ച് വിശദമായ പദ്ധതിരേഖ ഉണ്ടാക്കാൻ ധാരണ. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും കോളേജ് അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനം. ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തുതലത്തിൽ ടൂറിസം ഗ്രാമസഭകൾ സംഘടിപ്പിക്കും. ജൂലായ് 31നകം കോളേജിലെ ടൂറിസം പി.ജി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സർവേകൾ പൂർത്തിയാക്കും. സർക്യൂട്ടിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെ ആകർഷകമായ സ്ഥലങ്ങൾ, പാരമ്പര്യ കലകൾ, തൊഴിലുകൾ, ഭക്ഷണ രീതികൾ, ഫാം ലഞ്ച്, ഫാം ടൂറിസം സാദ്ധ്യതകൾ എന്നിവ സർവേയിൽ പഠനവിഷയമാക്കും. ടൂറിസം പദ്ധതിക്ക് പേര് തീരുമാനിക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ പറഞ്ഞു. സെന്റ് തെരേസാസ് കോളേജ് മാനേജർ റവ.ഡോ.സിസ്റ്റർ വിനീത അദ്ധ്യക്ഷത വഹിച്ചു. എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജയകുമാർ, മണീട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.ജോസഫ്, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ്, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, അമ്പല്ലൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു പുത്യേത്തുമാലിൽ, സുധ നാരായണൻ, സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം എം.പി. ശിവദത്തൻ, ജോഷി വർഗീസ്, പ്രിൻസിപ്പൾ ഡോ.അൽഫോൻസ വിജയ ജോസഫ്, ഹെഡ് ഒഫ് ഫ്രഞ്ച് ഡിപ്പാർട്ട്മെന്റ് സബീന, ഫാക്കൾട്ടി അംഗങ്ങളായ രശ്മി, സന്ധ്യ, എക്സ്റ്റൻഷൻ ഓഫീസർ ഇ.പി.സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.