kseb-1
സ്കൂൾ വാനിനു മുകളിലേക്ക് ഒടിഞ്ഞുവീണ ഇലക്ട്രിക് പോസ്റ്റ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മാറ്റുന്നു.

മരട്: തുരുത്തി വൈക്കത്തുശേരി റോഡിൽ വൈദ്യുതിപോസ്റ്റൊടിഞ്ഞ് സ്കൂൾ വാനിന് മുകളിലേക്ക് വീണു. വൈദ്യുതി മുടങ്ങിയ സമയമായതിനാൽ വാഹനത്തിലുണ്ടായിരുന്ന എട്ട് കുട്ടികൾക്കും രണ്ട് ജീവനക്കാർക്കും അപായമില്ല.

ഇന്നലെ രാവിലെ 7.45നാണ് അപകടം. 6.30മുതൽ പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. എതിരെവന്ന വാഹനംകടന്നുപോകാൻ അരികുചേർത്തപ്പോൾ പോസ്റ്റിൽ താഴ്ന്നുകിടന്ന സ്വകാര്യ കേബിളുകളിൽ ഉടക്കിയാണ് പോസ്റ്റൊടിഞ്ഞുവീണത്.

എരൂർ പോട്ടയിൽ ക്ഷേത്രംവക എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയത്തിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. ഭയന്നുപോയ ഡ്രൈവർ ഹോൺമുഴക്കിയും ഒച്ചയുണ്ടാക്കിയും നാട്ടുകാരെ അറിയിച്ചെങ്കിലും ആദ്യം ആരും അടുത്തേക്ക് വരാൻ തയ്യാറായില്ല. പ്രദേശത്ത് രാവിലെമുതൽ വൈദ്യുതിയില്ല എന്നറിഞ്ഞതോടെ ഡ്രൈവറും ആയയും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ പുറത്തിറക്കി. സ്കൂളിന്റെ മറ്റൊരു വാൻ എത്തി വിദ്യാർത്ഥികളെ സ്കൂളിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ വാനിന് മുകളിൽനിന്ന് പോസ്റ്റും കേബിളുകളും മാറ്റി.