
പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തെ ഭീതിയിലാഴ്ത്തി ക്രിമിനൽ വാഴ്ച.നഗരത്തിലും ബസ് സ്റ്റാൻഡ് പരിസരത്തും ക്രിമിനലുകളും ലഹരി സംഘങ്ങളും തമ്പടിക്കുമ്പോൾ യാത്രക്കാർ അടക്കം ബുദ്ധിമുട്ടുകയാണ്.
ഞായറാഴ്ചകളിലും രാത്രികാലങ്ങളിലുമാണ് പെരുമ്പാവൂർ നഗരത്തിലും ബസ് സ്റ്റാൻഡിലും സാമൂഹ്യവിരുദ്ധർ താവളമാക്കുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡ്, പി.പി. റോഡ്, ജ്യോതി ജംഗ്ഷൻ, ലക്കി തിയേറ്റർ പരിസരം, മുനിസിപ്പൽ മൈതാനം എന്നിവിടങ്ങളിലെ വഴിവാണിഭക്കാരുടെ മറവിലാണ് ലഹരി-മയക്കുമരുന്ന് സംഘങ്ങൾ വിലസുന്നത്. ലഹരി ഉപയോഗിച്ച് വഴിയരികിലും നഗരസഭാ വക കെട്ടിടങ്ങളുടെ വരാന്തയിലും അന്തിയുറങ്ങുന്നവരും കുറവല്ല.
വർഷങ്ങളായി പെരുമ്പാവൂർ നഗരത്തിൽ ഞായറാഴ്ചകളിൽ അന്യസംസ്ഥാനക്കാരുടെ തിരക്കുണ്ട്. പ്ലൈവുഡ് ഫാക്ടറികളിലും നിർമ്മാണമേഖലയിലും പണിയെടുക്കുന്ന ഇവർ കൂട്ടമായി ഞായറാഴ്ച നഗരത്തിലേക്ക് ഒഴുകും. അന്യസംസ്ഥാനക്കാരെ ലക്ഷ്യമിട്ടാണ് ലഹരി വിൽപ്പന പൊടിപൊടിക്കുന്നത്. സമീപനഗരങ്ങളിൽ നിന്നു പോലും പെരുമ്പാവൂരിലേക്ക് ഇത്തരം ആവശ്യങ്ങൾക്കായി അന്യസംസ്ഥാനക്കാർ എത്തുന്നുണ്ട്. ഞായറാഴ്ചകളിൽ അടഞ്ഞുകിടക്കുന്ന കടമുറികളും മറ്റും ഇവർ താവളമാക്കുകയും ചെയ്യുന്നു.
ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കുവേണ്ടി സ്ഥാപിച്ചിരിക്കുന്ന സിമന്റ് ബെഞ്ചുകളിൽ ഭൂരിഭാഗവും ഞായറാഴ്ചകളിൽ രാവിലെ മുതൽ സാമൂഹികവിരുദ്ധർ കൈയടക്കുകയാണ്. ബസ് സ്റ്റാൻഡ് കോംപ്ലക്‌സിന്റെ പിന്നിലും ആളൊഴിഞ്ഞ ഗോവണിപ്പടികളിലും മയക്ക് മരുന്ന് കുത്തിവെയ്ക്കാൻ ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ സിറിഞ്ചുകളുണ്ട്.
സന്ധ്യകഴിഞ്ഞാൽ ബസ് സ്റ്റാൻഡ് ഇരുട്ടിലാവും. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് മാസങ്ങളായി തെളിയുന്നില്ല. അറ്റകുറ്റപ്പണികൾ നടത്തി ലൈറ്റ് നന്നാക്കിയാലും സാമൂഹ്യവിരുദ്ധർ കേടാക്കുകയാണ് പതിവ്. ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും ഇതും പ്രവർത്തിക്കുന്നില്ല. സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കാൻ പൊലീസ്, എക്‌സൈസ്, നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സാമൂഹ്യ വിരുദ്ധർക്കെതിരെയും മയക്കുമരുന്ന് വില്പനയ്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. ബസ് സ്റ്റാൻഡും പരിസരവും നിരീക്ഷിച്ച് കുറ്റക്കാരെ കണ്ടെത്തും. മയക്കുമരുന്ന് വില്പനയ്ക്കെതിരെ കർശനമായ പരിശോധനയും നടപടിയും നടക്കുന്നുണ്ട്.
ടി.എം. സക്കീർ ഹുസൈൻ.
മുനിസിപ്പൽ ചെയർമാൻ