
കൊച്ചി: ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അൻവർ എം.എൽ.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ പരാതിക്കാരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പ്രവാസിയും മലപ്പുറം സ്വദേശിയുമായ സലിം, കാസർകോട് സ്വദേശി ഇബ്രാഹിം എന്നിവരെയാണ് ചോദ്യം ചെയ്തത്. മംഗലാപുരം ബൽത്തങ്ങാടിയിലെ ക്വാറിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അൻവർ പണം തട്ടിയെന്ന കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണയിടപാടുകൾ പരാതിക്കാരോ അൻവറോ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. പണം നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡി പരാതിക്കാരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. പി.വി. അൻവറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും എത്തിയില്ല.