11

തൃക്കാക്കര: കളക്ടറേറ്റിൽ നി​റതോക്കുമായെത്തിയ മൂവാറ്റുപുഴ സ്വദേശി റിട്ട. തഹസിൽദാർ ഗോപാലകൃഷ്ണൻ നായരെ (84) തൃക്കാക്കര പൊലീസ് കസ്റ്റഡി​യി​ലെടുത്തു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. തോക്ക് ലൈസൻസ് പുതുക്കാനെത്തി​യതാണ് ഇയാൾ. 0.22 റിവോൾവറി​ൽ എട്ട് ബുള്ളറ്റുകളും ലോഡ് ചെയ്തി​രുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.

ട്രഷറിയിൽ എത്തി തോക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസടച്ചശേഷം രസീതുംപഴയ ലൈസൻസും മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള രേഖകൾ ഉൾപ്പെടെ കളക്ടറേറ്റിലെ തപാൽ വിഭാഗത്തിൽ കൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ബാഗി​ൽനിന്ന് രേഖകൾക്കൊപ്പം തോക്കും പുറത്തെടുത്ത് ചൂണ്ടിപ്പിടിച്ചതോടെ ജീവനക്കാർ ഭയന്നു. കളക്ടറേറ്റ് ജീവനക്കാരെ കുറച്ചുസമയം ഇയാൾ മുൾമുനയി​ലാക്കി​. ഉദ്യോഗസ്ഥരിൽ ചിലർ ഇത് ഫോട്ടോയെടുത്ത് എ.ഡിഎമ്മിന് അയച്ചുകൊടുത്തു. ഉടനെ പൊലീസും സ്ഥലത്തെത്തി​. ജീവനക്കാർക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടി​ല്ല. ഇദ്ദേഹത്തി​ന് തോക്ക് ലൈസൻസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തോക്ക് പൊലീസ് കസ്റ്റഡി​യി​ലെടുത്ത് വൈകുന്നേരത്തോടെ ഗോപാലകൃഷ്ണൻ നായരെ ബന്ധുവിനെവരുത്തി കൂടെ വി​ട്ടയച്ചു. മൂവാറ്റുപുഴ പറമ്പാത്തുവീട്ടി​ൽ ഒറ്റയ്ക്കാണ് താമസം. അവി​വാഹി​തനാണ്.