പള്ളുരുത്തി: കണ്ണമാലിയിൽ കടലാക്രമണം പ്രതിരോധിക്കാൻ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ കണ്ണമാലി പള്ളിക്ക് സമീപം പ്രധാന റോഡ് ഉപരോധിക്കാൻ എത്തിയത്. കഴിഞ്ഞ ആറുദിവസമായി കടൽ ഭിത്തിയില്ലാത്ത കണ്ണമാലി തീരത്ത് ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. തീരത്തോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറുന്നു. നേരിൽ കണ്ട് അഭ്യർത്ഥിച്ചിട്ടും എം.എൽ.എ സ്ഥലം സന്ദർശിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
കടലാക്രമണത്തെ തുടർന്ന് വീട്ടുകാർ പലരും ഇവിടെനിന്ന് ഒഴിഞ്ഞു പോയതായി ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.ജോസഫ് പറഞ്ഞു. പൊലീസ് എത്തി ചർച്ച നടത്തിയാണ് പ്രതിഷേധ സമരം നടത്തിയവരെ പിന്തിരിപ്പിച്ചത്.
വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ജിൻസൺ, ജിബിൻ വാച്ചാക്കൽ, ജോമോൻ, ആൻസി ട്രീസ, സാലി, ബെൻസി ,ഷീബ ജേക്കബ്ബ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.