
തൃക്കാക്കര: പ്രളയഫണ്ട് തട്ടിപ്പ് കേസിൽ റവന്യൂ വകുപ്പിന് പുറമേ ജില്ലാ ട്രഷറിയിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി ഇതു സംബന്ധിച്ച അന്വേഷണങ്ങൾ നടത്തിയ ലാൻഡ് റവന്യൂ ജോ. കമ്മിഷണർ ഡോ.എ. കൗശിഗന്റെ റിപ്പോർട്ട്. പ്രളയ നഷ്ടപരിഹാരം നൽകാനായി റവന്യൂ വകുപ്പിൽ നിന്ന് നൽകിയ ലിസ്റ്റിലെ അക്കൗണ്ട് നമ്പറുകൾ ട്രഷറിയിൽ എഡിറ്റ് ചെയ്തിട്ടുണ്ട്. ട്രഷറി വകുപ്പ് അന്വേഷണത്തോട് സഹകരിക്കുന്നില്ല. ലിസ്റ്റുകൾ കമ്മിഷൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ട്രഷറി വകുപ്പ് നൽകിയില്ല. ഇതിനാൽ അനർഹരുടെ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയത് തിരിമറിയാണോ എന്നും എത്ര തുക ഇങ്ങനെ നൽകിയെന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ ധനകാര്യവിഭാഗം പ്രത്യേകം പരിശോധിക്കണമെന്നും ഡോ.എ. കൗശിഗൻ നിർദേശിച്ചിട്ടുണ്ട്.
ട്രഷറിയിലെ ചില ക്രമക്കേടുകൾ
1. ജില്ലാ കളക്ടറുടെ പ്രത്യേക അക്കൗണ്ടിൽ നിന്ന് 1,04,484 ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പറുകളിലേക്ക് നഷ്ടപരിഹാരം നൽകാൻ കളക്ടറേറ്റിലെ പരിഹാരം സെല്ലിൽ നിന്നാണ് ട്രഷറിയിലേക്ക് ലിസ്റ്റുകൾ നൽകിയത്. ഇതിൽ 2,723 അക്കൗണ്ട് നമ്പറുകൾ ട്രഷറി ഡാറ്റയിൽ അപ്രത്യക്ഷമായി. അതേസമയം കളക്ടറേറ്റിൽ നിന്ന് നൽകാത്ത 2,610 അക്കൗണ്ടുകൾ ഉൾപ്പെടുകയും ചെയ്തു.
2. ആവർത്തിക്കപ്പെട്ട ചില അക്കൗണ്ടുകളിൽ ട്രഷറിയിൽ നിന്ന് തുക ക്രെഡിറ്റ് ആയതായി കാണിക്കുന്നുണ്ടെങ്കിലും യു.ടി.ആർ നമ്പർ പ്രകാരം പരിശോധിച്ചതിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല. ഈ തുക ഗുണഭോക്താക്കൾക്ക് മാറ്റി നൽകിയതോ തട്ടിച്ചതോ എന്ന് കണ്ടെത്താൻ ധനകാര്യ വകുപ്പ് അന്വേഷിക്കണം.
തിരികെ വന്ന പണമാണോ ?
ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പറുകളിൽ പിശകു പറ്റിയതാണെങ്കിൽ തുക പൂൾ അക്കൗണ്ടിലേക്ക് തിരികെ വരും. സെക്ഷൻ ക്ളാർക്കിന് മേലധികാരികൾ അറിയാതെ ഈ തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനാകും.
2018 ആഗസ്റ്റ് മുതലുള്ള ട്രഷറി അക്കൗണ്ടാണ് പരിശോധിച്ചത്. ഇതിൽ 2783 അക്കൗണ്ടിലേക്ക് തുക ആവർത്തിച്ചു നൽകിയിട്ടുണ്ട്. ഇങ്ങിനെ 10,46,75,000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കമ്മിഷൻ കണ്ട ചില കാര്യങ്ങൾ
• നിഷ്കർഷിച്ചിട്ടില്ലാത്ത കാറ്റഗറിക്കാർക്ക് തുക അനുവദിച്ചു
• ഒരേ തുക രണ്ട് തവണ അക്കൗണ്ടിലെത്തി
• രണ്ട് തവണ അനുവദിച്ച തുകയിൽ ഒന്ന് തിരികെ എത്തി
• വ്യത്യസ്ത സ്ളാബുകളിലെ നഷ്ടപരിഹാരം ഒരേ അക്കൗണ്ടിൽ ക്രെഡിറ്റായി
അപ്പീലീലും ക്രമക്കേട്
നഷ്ടപരിഹാരം കുറഞ്ഞതു സംബന്ധിച്ച് കളക്ടറേറ്റിലെ പരിഹാരം സെല്ലിൽ ലഭിച്ച 33,310 അപ്പീലുകളിൽ 30,135 എണ്ണം അനുവദിച്ചു. 3,175 എണ്ണം നിരസിച്ചു. ഒരേ അക്കൗണ്ട് നമ്പറുള്ള ഗുണഭോക്താവിന്റെ അപ്പീൽ ഒന്നിലധികം തവണ പരിഗണിച്ച് വ്യത്യസ്തമായ തീരുമാനങ്ങൾ എടുത്തതായും കണ്ടെത്തി.
'സംപൂജ്യ'ർ 335
പ്രളയബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽ ബാങ്ക് അക്കൗണ്ട് പൂജ്യം നമ്പറുള്ളത് 335 പേർക്ക്
ഒരേ അക്കൗണ്ട് നമ്പർ 102 തവണ പട്ടികയിൽ. 73, 67, 62, 61, 44, 30 തുടങ്ങി രണ്ട് പ്രാവശ്യം വരെ ആവർത്തിച്ച വേറെയും അക്കൗണ്ട് നമ്പറുകൾ.