t

തൃപ്പൂണിത്തുറ: എസ്.എൻ ജംഗ്ഷനിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി മൂന്നു യുവാക്കൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചോറ്റാനിക്കര മഞ്ചക്കാട് ദേവീകൃഷ്ണയിൽ മനോജ്കുമാറിന്റെയും അജിതയുടെയും മകൻ അശ്വിൻ (മനു 20), ഉദയംപേരൂർ പത്താംമൈൽ എം.എൽ.എ റോഡിൽ ആലുങ്കൽവീട്ടിൽ തമ്പിയുടെയും സന്ധ്യാമോളുടെയും മകൻ വൈശാഖ് (20) എന്നിവരാണ് മരിച്ചത്. സ്കൂട്ടറിൽ ഇവരോടൊപ്പമുണ്ടായിരുന്ന പൂത്തോട്ട പുത്തൻകാവ് പുന്നയ്ക്കാവെളിയിൽ പറയോളത്ത് വീട്ടിൽ അജിത് (21) പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച്ച അർദ്ധരാത്രിയാണ് സംഭവം. എസ്.എൻ കവലയിൽ വച്ച് ഇരുമ്പനത്തുനിന്ന് പേട്ട ഭാഗത്തേക്ക് പോകുകയായിരുന്നു ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി. എരൂർ ഭാഗത്തുനിന്നുവന്നവരാണ് സ്‌കൂട്ടർ യാത്രക്കാർ. ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി പൊലീസ് ജീപ്പിലും ആംബുലൻസിലുമായി യുവാക്കളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാൾ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. മറ്റൊരാൾ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇരുവരുടേയും സംസ്കാരം നടത്തി. അശ്വിന്റെ സഹോദരി: അശ്വതി (ദുബായ്). വൈശാഖിന്റെ സഹോദരി: അഞ്ജലി.