
കോതമംഗലം: ആരോരും തുണയില്ലാതെ എഴുപത് വർഷക്കാലം ജീവിച്ച വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ സരസ്വതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.പീസ് വാലി അധികൃതർ സരസ്വതി അമ്മയുടെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തപ്പോൾ വിഷമത്തിനിടയിലും മുഖത്ത് സന്തോഷം നിറഞ്ഞു.
തിരുനെട്ടൂർ കോലോടത്ത് വീട്ടിൽ സരസ്വതി (70) ചന്ദ്രമതി (67) എന്നിവരാണ് ദുരിതജീവിതം പേറി കഴിഞ്ഞിരുന്നത്. മരട് നെട്ടൂരിൽ ഇടിഞ്ഞുവീഴാറായ വീട്ടിൽ അവിവാഹിതരായ സഹോദരിമാരുടെ ജീവിതം ദുസഹമായിരുന്നു. അയൽവാസികൾ വല്ലപ്പോഴും നൽകുന്ന ഭക്ഷണമായിരുന്നു സരസ്വതിയുടെയും ചന്ദ്രമതിയുടെയും വിശപ്പടിക്കിയിരുന്നത്. മാദ്ധ്യമങ്ങളിലൂടെയാണ് ഇവരുടെ വേദന പുറംലോകം അറിഞ്ഞത്.
തുടയെല്ല് പൊട്ടിയ ചന്ദ്രമതി പൂർണ്ണമായും കിടപ്പിലാണ്. പരസഹായം ഇല്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥ. സഹോദരിമാരുടെ ജീവിതം ശ്രദ്ധയിൽപ്പെട്ട ഫോർട്ടുകൊച്ചി സബ് കളക്ടർ വിഷ്ണു രാജാണ് കോതമംഗലം നെല്ലിക്കുഴിയിലെ പീസ് വാലി അധികൃതരുമായി ബന്ധപ്പെട്ടത്. ഉടൻ തന്നെ പീസ് വാലി അധികൃതർ ഇവരുടെ വീട്ടിൽ എത്തുകയും പരിരക്ഷയും അഭയവും നൽകാൻ തീരുമാനിക്കുകയും ചെയ്തു. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇരുവർക്കും ചികിത്സ നൽകാൻ പീസ് വാലിയുടെ സഞ്ചരിക്കുന്ന ആശുപത്രിയും സജ്ജമാക്കിയിരുന്നു. സബ് കളക്ടറുടെ സാന്നിധ്യത്തിൽ പീസ് വാലി ഭാരവാഹികളായ കെ.എം.അജാസ്, അബ്ദുൽ ഷുക്കൂർ, പി.എം.അഷറഫ്, പി.എം.ഷമീർ, മെഡിക്കൽ ഓഫീസർ ഡോ.ഹെന്ന, നഴ്സിംഗ് അസിസ്റ്റന്റ് മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് സഹോദരിമാരെ ഏറ്റെടുത്തത്. പീസ് വാലിക്ക് കീഴിലെ സാമൂഹിക, മാനസിക പുനരധിവാസ കേന്ദ്രത്തിൽ ചന്ദ്രമതിക്കും സരസ്വതിക്കും താമസമൊരുക്കും.