കൊച്ചി: ക്ഷീരമേഖലയിൽ ഒരുലക്ഷം മൃഗങ്ങൾക്ക് ഒന്ന് എന്ന തോതിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് അനുവദിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ഡോ.എൽ. മുരുകൻ പറഞ്ഞു.ഇടപ്പള്ളിയിലെ മിൽമാ പ്ലാന്റിൽ സൗരോർജ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 29 യൂണിറ്റുകൾ സ്ഥാപിക്കും. ഫിഷറീസ് മേഖലയിൽ 5 മാതൃകാ മത്സ്യബന്ധന തുറമുഖങ്ങൾ സ്ഥാപിക്കുന്നതിൽ ഒരെണ്ണം കൊച്ചിയിലാണ്.
കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിവരികയാണ്. 2019ൽ ക്ഷീര വികസനത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. ദേശീയ ക്ഷീരവികസനബോർഡ് നൽകുന്ന 11.5 കോടി രൂപയുൾപ്പെടെ ചെലവഴിച്ചാണ് തൃപ്പൂണിത്തുറ മിൽമ ഡയറി പ്ലാന്റിൽ രണ്ട് മെഗാവാട്ട് ശേഷിയുള്ള സോളാർപാനൽ പദ്ധതി സ്ഥാപിക്കുന്നത്.
ക്ഷീരമേഖലയിൽ ഇന്ത്യയുടെ യശസ് ആഗോളതലത്തിൽ ഉയർത്തിയ ഡോ. വർഗീസ് കുര്യന്റെ പ്രതിമ സംസ്ഥാന ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അനാച്ഛാദനം ചെയ്തു.
എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ദേശീയ ക്ഷീരവികസനബോർഡ് ചെയർമാൻ മനേഷ് ഷാ, മിൽമ ചെയർമാൻ ഡോ.പാട്ടീൽ സുയോഗ് സുഭാഷ് റാവു, മേഖലാ ചെയർമാൻ ജോൺ തെരുവത്ത്, കെ.എസ്. മണി തുടങ്ങിയവർ സംസാരിച്ചു.