കൊച്ചി: അനിയന്ത്രിതമായ ചെറുമീൻ പിടിത്തംമൂലം കേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് കോടികളുടെ നഷ്ടമുണ്ടാകുന്നതായി പഠനം. മത്തിയുടെ ലഭ്യതയിൽ വൻഇടിവുണ്ടായി. തൊഴിൽദിനങ്ങളിലും വരുമാനത്തിലും ഇടിവ് സംഭവിച്ചതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) പഠനത്തിൽ വ്യക്തമായി.

കഴിഞ്ഞവർഷം പിടിച്ച കിളിമീനുകളിൽ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തെക്കാൾ ചെറുതായിരുന്നു. ഇതുവഴിമാത്രം 74കോടിരൂപയുടെ നഷ്ടമുണ്ടായി. കിളിമീൻ സമ്പത്തും കുറഞ്ഞു.


മത്തി ലഭ്യതയിൽ വൻ ഇടിവ്

കഴിഞ്ഞവർഷം 3,297 ടൺ മത്തിയാണ് ലഭിച്ചത്. മുൻവർഷത്തെക്കാൾ 75 ശതമാനം കുറവ്.

കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021ൽ 5.55 ലക്ഷം ടണ്ണാണ്. കൊവിഡ് കാലത്ത് മീൻപിടിത്തം കുറഞ്ഞ 2020ൽ 3.6 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞവർഷം ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകൾ എന്നറിയപ്പെടുന്ന ലെസർ സാർഡിനാണ്. 65,326 ടൺ. അയലയും തിരിയാനുമാണ് രണ്ടുംമൂന്നും സ്ഥാനങ്ങളിൽ.

തൊഴിലാളികൾക്ക് കനത്ത നഷ്ടം

മത്തിയുടെ കുറവ് തൊഴിലാളികൾക്കും കനത്ത നഷ്ടമുണ്ടാക്കി. 2014ൽ ലഭിച്ച മത്തിയുടെ വാർഷികമൂല്യം 608കോടി രൂപയായിരുന്നു. 2021ൽ 30 കോടിയായി കൂപ്പുകുത്തിയെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എൻ. അശ്വതിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം കണ്ടെത്തി.

മത്തി പിടിക്കുന്ന തൊഴിലാളികൾ കടലിൽപോകുന്ന ദിവസങ്ങൾ 237ൽ നിന്ന് 140 ആയും കുറഞ്ഞു.

ചാള, മണങ്ങ്, മുള്ളൻ, ആവോലി എന്നിവയു‌‌ടെയും ലഭ്യത കുറഞ്ഞപ്പോൾ ചെമ്മീൻ, കൂന്തൽ, കിളിമീൻ എന്നിവയുടെ ലഭ്യത വർദ്ധിച്ചു.

ഡോ. ടി.എം. നജ്മുദ്ദീൻ,

പ്രിൻസിപ്പൽ സയന്റിസ്റ്റ്,

സി.എം.എഫ്.ആർ.ഐ.