മൂവാറ്റുപുഴ: നഗരസഭയുടെ മാലിന്യനിക്ഷേപകേന്ദ്രത്തിലെ ദുർഗന്ധം ജനജീവിതം ദുരിതമയമാക്കുന്നു. മാലിന്യപ്രശ്നത്തിൽ ഇടപെട്ട ഓംബുഡ്സ്മാന്റെ നിർദേശം പോലും വകവെയ്ക്കാത്ത നഗരസഭയുടെ നിലപാടിൽ ക്ഷുഭിതരാണ് നാട്ടുകാർ.

കടാതി വളക്കുഴിലെ ഡംബിംഗ് യാർഡിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിന് സമീപം താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമായിട്ട് ഏറെ വർഷങ്ങളായി.ദുർഗന്ധം കാരണം സഹികെട്ട നാട്ടുകാർ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന് പരാതി നൽകി. തുടർന്ന് സമീപവാസികൾ മുന്നോട്ടുവച്ച പത്ത് ഇന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഓംബുഡ്സ്മാൻ വിധി പുറപ്പെടുവിപ്പിച്ചു. എന്നാൽ വിധി നടപ്പാക്കാൻ നഗരസഭ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ വീണ്ടും ഓംബുഡ്സ്മാനെ സമീപിക്കാനാണ് സമീപവാസികളുടെ തീരുമാനമെന്ന് പരിസ്ഥിതി പ്രവർത്തകരായ കെ.ബാബു, കെ.കെ. കുട്ടപ്പൻ എന്നിവർ പറഞ്ഞു.

കടാതി വളക്കുഴിലെ ഡംബിംഗ് യാർഡിന്റെ സമീപ പ്രദേശങ്ങൾ പകർച്ചവ്യാധി ഭീതിയിലാണ്. മുമ്പ് മഞ്ഞപ്പിത്തം പടർന്നു പിടച്ച മേഖലയാണിത്. ഇവിടത്തെ കിണറുകളും മലിനം. നാലു പതിറ്റാണ്ട് മുമ്പാണ് നഗരസഭ വളക്കുഴിയിൽ മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിച്ചത്. കോടികൾ മുടക്കി പല പരിഷ്കരണങ്ങളും നടപ്പാക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടു. അശാസ്ത്രീയമായ മാലിന്യ സംസ്കരണ രീതിയും ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്നതും വലിയ പ്രതിഷേധത്തിനും വഴിവച്ചിരുന്നു. മുമ്പ് ഡംബിംഗ് യാർഡിലുണ്ടായ തീപിടിത്തം പരിസരവാസികളെ ആകെ വലച്ചിരുന്നു. തുടർന്നാണ് ഇതിനു പരിഹാരമായി ജൈവ മാലിന്യത്തിൽ നിന്ന് വളം ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നത്. വളക്കുഴിയിലെ ഡംബിംഗ് യാർഡിൽ ശുചിത്വ മിഷന്റെ സഹകരണത്തോടെ 1.30 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഫലവത്തായില്ല. ഗ്രീൻ ബെൽറ്റ്, പ്ലാസ്റ്റിക് ഷെഡിംഗ് മെഷീൻ, ചുറ്റുമതിൽ, സർവീസ് സ്റ്റേഷൻ, കിണർ, മണ്ണിര കംപോസ്റ്റ് പ്ലാന്റ് തുടങ്ങി വിപുലമായ നവീകരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.