തൃക്കാക്കര: തൃക്കാക്കര നഗരസഭാ പ്രദേശത്തെ ഉപയോഗശൂന്യമായ കേബിളുകൾ നീക്കംചെയ്യാൻ സേവനദാതാക്കൾക്ക് നഗരസഭ നിർദേശം നൽകി.നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം കാക്കനാട് സിവിൽലൈൻ റോഡിൽ ചെമ്പുമുക്ക് പള്ളിക്ക് സമീപം കേബിൾ കഴുത്തിൽ കുരുങ്ങി യുവാവ് മരിക്കാനിടയായ സാഹചര്യത്തിലാണ് യോഗം ചേർന്നത്. തൃക്കാക്കരയിൽ പതിനാല് കേബിൾ -ഇന്റർനെറ്റ് സേവനദാതാക്കളുണ്ടെങ്കിലും നഗരസഭ വിളിച്ചുചേർത്ത യോഗത്തിൽ പങ്കാളിത്തം കുറവായിരുന്നു.അനുമതിയില്ലാതെ വൈദ്യുതി പോസ്റ്റുകളിലൂടെ കേബിളുകൾ വലിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അസി.എൻജിനിയർമാരായ സുനിൽകുമാർ, വി.കെ.വർഗീസ് പോൾ എന്നിവർ പറഞ്ഞു.യോഗം വിളിച്ചാൽ പോലും കേബിൾ -ഇന്റർനെറ്റ് സേവനദാതാക്കൾ സഹകരിക്കാറില്ലെന്നും അവർ കുറ്റപ്പെടുത്തി. സേവനദാതാക്കൾക്ക് 15 ദിവസത്തെ സാവകാശം അനുവദിച്ചു. തീരുമാനം നടപ്പാക്കാത്തവർക്കെതിരെ കേബിളുകൾ മുറിക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. നഗരസഭാ വൈസ്.ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുനീറ ഫിറോസ്, റഷീദ് ഉളളംപള്ളി, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ ചന്ദ്ര ബാബു, എം.ജെ ഡിക്സൺ, ജിജോ ചങ്ങംതറ,പി.സി. മനൂപ്, സി.സി വിജു, ഷീന ഉമ്മർ, സിൽമാ ശിഹാബ്, സെക്രട്ടറി ബി.അനിൽകുമാർ, അസി.എൻജിനിയർ സുജാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
# യോഗത്തിലെ നിർദേശങ്ങൾ
# കേബിളുകളിൽ 50 മീറ്റർ ദൂരത്ത് സേവനദാതാക്കളുടെ പേര് ടാഗ് ചെയ്യണം
# പോസ്റ്റുകളിൽ കേബിൾ ചുറ്റിവക്കാൻ പാടില്ല
# ഉപയോഗ ശൂന്യമായ കേബിൾ മാറ്റണം.
# കേബിളുകൾ സുരക്ഷിതമായ ഉയരങ്ങളിലൂടെ വലിക്കണം
# വൈദ്യുതി പോസ്റ്റുകളിലെ ജംഗ്ഷൻ ബോക്സുകൾ നീക്കം ചെയ്യണം