
കൊച്ചി: ആലുവ മണപ്പുറത്തെ കർക്കടകവാവ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. കൊവിഡ് കാലം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വർഷമായി ആലുവയിൽ ബലിതർപ്പണം ഉണ്ടായിരുന്നില്ല. ഇക്കുറി കൂടുതൽ പേർ എത്താനുള്ള സാധ്യത പരിഗണിച്ച് വിപുലമായ സൗകര്യങ്ങൾ ഒരുക്കും. ആയിരങ്ങൾ പങ്കെടുക്കുന്ന ചടങ്ങായതിനാൽ ക്രമസമാധാന പരിപാലനത്തിനായി കൂടുതൽ പൊലീസുകാരെ നിയോഗിക്കും. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫയർഫോഴ്‌സ്, നാവികസേന എന്നിവയുടെ ബോട്ടുകളും മുങ്ങൽ വിദഗ്ദ്ധരെയും സജ്ജമാക്കും. ബലിതർപ്പണത്തിന് എത്തുന്നവർക്കായി കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പടെയുള്ള ബസുകൾക്ക് തോട്ടക്കാട്ടുകരയിൽ സ്റ്റോപ്പ് അനുവദിക്കും.