ആലുവ: ആലുവ മേഖലയിൽ കാൽനട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രികരെയും ഭീതിയിലാക്കി തെരുവ് നായ്ക്കൾ വിലസുകയാണ്. നഗര - ഗ്രാമ മേഖലകളിലെല്ലാം തെരുവുനായ ശല്യമുണ്ട്. തെരുവുനായകളെ വന്ധ്യംകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ റോഡിൽ തള്ളുന്നതാണ് തെരുവുനായ ശല്യമേറാൻ കാരണം. റോഡരികിലെ മാലിന്യനിക്ഷേപം ഫലപ്രദമായി തടയാൻ കഴിഞ്ഞാൽ തന്നെ തെരുവുനായക്കൂട്ടങ്ങൾ ഒഴിവാകും. അതിനുപോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകുന്നില്ലെന്നാണ് പരാതി. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് മൂന്നാം നാൾ പിടികൂടിയ സ്ഥലത്ത് തന്നെ ഇറക്കിവിടുന്ന സംവിധാനം ഒരുക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ നിർദ്ദേശമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഗുരുതര വീഴ്ച്ചയാണ് വരുത്തുന്നത്.

 കൂട്ടമായെത്തി ആക്രമണം

ആളൊഴിഞ്ഞ സ്ഥലങ്ങളിലും പാതയോരങ്ങളിലും തമ്പടിക്കുന്ന തെരുവുനായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയാണ്. ആളൊഴിഞ്ഞ വഴികളിൽ തമ്പടിച്ച് ഒറ്റപ്പെട്ട യാത്രക്കാരെ ആക്രമിക്കുന്നുമുണ്ട്. പ്രഭാത സവാരിക്കാർക്കും പലവട്ടം നായഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. സ്‌കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളും ഏറെ ഭീതിയിലാണ്. കന്നുകാലികൾ, ആടുകൾ തുടങ്ങിയ വളർത്തുമൃഗങ്ങളേയും ആക്രമിക്കുന്നുണ്ട്.

 നഗരത്തിലും രക്ഷയില്ല

തോട്ടക്കാട്ടുകര, പറവൂർ കവല, ഓൾഡ് ദേശം റോഡ് എന്നീ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ഉപദ്രവം കൂടുതലാണ്. ഇടവഴികളിലെല്ലാം നായ്ക്കൾ കൂട്ടമായി തമ്പടിക്കുകയാണ്. ഇവിടെയെല്ലാം തെരുവുനായ്ക്കൾ യാത്രക്കാരെ പലവട്ടം ആക്രമിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നഗരസഭ ക്വാർട്ടേഴ്‌സ്, മാർക്കറ്റ്, ബാങ്ക് കവല, പാർക്ക് ഗ്രാമീണ മേഖലകളായ മാധവപുരം, പൈപ്പ് ലൈൻ റോഡ്, കുന്നത്തേരി റോഡ്, കുഞ്ഞുണ്ണിക്കര, ഉളിയന്നൂർ, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മഹിളാലയം, കുന്നുംപുറം, അമ്പലപ്പറമ്പ്, സൂര്യ നഗർ, എടത്തല പഞ്ചായത്തുമായി അതിര് പങ്കിടുന്ന ചുണങ്ങംവേലി, ചൂണ്ടി എന്നീ ഭാഗങ്ങളിലും തെരുവുനായ ശല്യമുണ്ട്. നഗരത്തോട് ചേർന്ന ഗ്രാമങ്ങളിലും നായശല്യം രൂക്ഷമാണ്.

ചൂർണിക്കര പഞ്ചായത്തിൽപ്പെട്ട മെട്രോ യാഡ് പരിസരം, ചവർപാടം, തൊരപ്പ്, മാന്ത്രക്കൽ, പട്ടേരിപ്പുറം, കാർമ്മൽ ജനരലേറ്റ്, കട്ടേപ്പാടം, മാരിയിൽ പൈപ്പ് ലൈൻ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായ ശല്യം കൂടുതലുള്ളത്.