കൊച്ചി: ഗവേഷകരെ അദ്ധ്യാപനത്തിന് നിയോഗിക്കുന്ന കാലടി ശ്രീശങ്കരാചര്യ സംസ്‌കൃത സർവകലാശാലയുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് റിസർച്ച് സ്‌കോളേഴ്സ് ഓർഗനൈസേഷൻ (ഡി.ആർ.എസ്.ഒ) സംസ്ഥാന സമിതി സർവകലാശാലാ ആസ്ഥാനത്ത് യോഗം സംഘടിപ്പിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് അകിൽ മുരളി ഉദ്ഘാടനം ചെയ്തു.

ഗവേഷണം ചെയ്യേണ്ട സമയം നഷ്ടപ്പെടുത്തുന്നതാണ് ഉത്തരവെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി ഭരണത്തിലെ കെടുകാര്യസ്ഥത കൊണ്ടാണ് സംഭവിച്ചത്. വിദ്യാഭ്യാസ നയം ഗവേഷണമേഖലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഡി.ആർ.എസ്.ഒ സംസ്ഥാന സംഘടക സമിതി അംഗം അഞ്ജലി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ അജിത് മാത്യു, ഓർഗനൈസിംഗ് കമ്മിറ്റി അംഗം റലേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.