പെരുമ്പാവൂർ: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ബഷീർ ഫെസ്റ്റാക്കി വിദ്യാർത്ഥികൾ. തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് വിവിധ വേഷങ്ങളിൽ കഥാപാത്രങ്ങളായി പകർന്നാടിയത്. സുഹറ മജീദും കൂട്ടുകാരും, കേശവൻ നായർ, സാറാമ്മ, മൂക്കൻ, യക്ഷി, ഭാര്യാ സഹോദരൻ, കുഷ്ഠരോഗി,കള്ളൻ, പോക്കർ, നിസാർ അഹമ്മദ്, കുഞ്ഞിപ്പാത്തുമ്മ, യുസുഫ് സിദ്ധീഖ് എന്നിങ്ങനെ ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളുടെ വേഷം വിദ്യാർത്ഥികൾ അണിഞ്ഞു. യു.പി.വിഭാഗത്തിലെ വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടാണ് ബഷീർ ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്‌കൂൾ മാനേജർ പി.എ. മുഖ്താർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നിസാർ മുഹമ്മദ്, ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ, നജീന അബ്ബാസ്, അപർണ സിറാജ്, എം.എസ്. ഹമീദ, കെ.എ. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.