1

ഫോർട്ടുകൊച്ചി: കൊച്ചി തീരത്ത് ഇമ്മാനുവൽ കോട്ടയുടെ അവശിഷ്ടത്തെ അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ പത്തുവർഷത്തിനകം കടൽക്ഷോഭ വേളയിൽ ഏഴിലേറെത്തവണ ഇമ്മാനുവൽ കോട്ടാവശിഷ്ടം തെളിഞ്ഞിരുന്നു. കടപ്പുറത്തെ കടൽഭിത്തിക്ക് സമീപം മൂന്നാം പുലിമൂട്ടിനോട് ചേർന്നാണ് കോട്ടാവശിഷ്ടം കണ്ടത്.

പോർച്ചുഗീസ് നിർമ്മിതമായ ഇമ്മാനുവൽ കോട്ടയുടെ അടിത്തറയാണ് കടൽ കയറ്റത്തെതുടർന്നുള്ള മണ്ണൊലിപ്പിൽ കണ്ടെത്തിയത്. ചെങ്കൽ നിർമ്മിതമായ അടിത്തറയുടെ ആറ് പാളികളാണ് കണ്ടത്. കടൽഭിത്തിക്ക് സമീപം രണ്ടാമത്തെ പുലിമുട്ടിനോട് ചേർന്ന് ഉയർന്നുവന്ന കോട്ടാവശിഷ്ടം സംരക്ഷിക്കണമെന്ന് പൈതൃക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 1503ൽ പോർച്ചുഗീസുകാർ നിർമ്മിച്ചതാണ് ഇമ്മാനുവൽ കോട്ട.

തുടർന്നുള്ള യുദ്ധങ്ങളിൽ കോട്ട തകരുകയും ഘട്ട ഘട്ടമായി വിസ്മൃതിയിയുമായി. ചരിത്രസ്തൂപം സംരക്ഷിക്കാൻ പുരാവസ്തു വകുപ്പോ സാംസ്ക്കാരിക,​ ടൂറിസം വകുപ്പോ തയ്യാറാകാത്തതിലാണ് പ്രതിഷേധം.