
കൊച്ചി: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പ്രത്യേക അന്വേഷണ സംഘം ഏഴു മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. എറണാകുളം പൊലീസ് ക്ലബ്ബിൽ ഇന്നലെ രാവിലെ 11നാണ് സ്വപ്ന എത്തിയത്.
വൈകിട്ട് ആറു മണിക്ക് പുറത്തിറങ്ങിയ സ്വപ്ന 'അറസ്റ്റിനെ ഭയക്കുന്നില്ലെന്നും തന്നെ കുടുക്കാനാണ് ശ്രമമെ'ന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ മാത്രമല്ലേ പേടിക്കേണ്ട കാര്യമുള്ളൂ? ഗൂഢാലോചനക്കേസ് വ്യാജ കേസാണ്. ആദ്യം ജാമ്യം കിട്ടുന്ന കേസായിരുന്നു. പിന്നീട് ജാമ്യമില്ലാക്കുറ്റം കൂടി ചുമത്തി. ശരിക്കും ഇത് കുടുക്കല്ലേ? താൻ ചോദ്യങ്ങളെ പേടിക്കുന്നുവെന്നാണ് ചിലർ പറയുന്നത്. മാദ്ധ്യമങ്ങളെ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. കൈരളി ചാനലിനെ ഒഴിവാക്കിയെന്നു പറയുന്നത് ശരിയല്ല. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കൈരളി റിപ്പോർട്ടറുടെ ഫോണിലേക്ക് ബ്രിട്ടാസ് എന്നൊരാളുടെ കാൾ വന്നിരുന്നു. അതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും സ്വപ്ന പറഞ്ഞു. കേസിൽ മൂന്നാം തവണ നൽകിയ നോട്ടീസിലാണ് സ്വപ്ന ഇന്നലെ ഹാജരായത്. മുൻ മന്ത്രി കെ.ടി. ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.