
#അപകടം ആലുവ പറവൂർകവല ട്രാഫിക് സിഗ്നലിൽ
ആലുവ: ദേശീയപാതയിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയ മിനിലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി മുക്കാടി കുഞ്ഞിമരക്കാരകത്ത് കുഞ്ഞൻബാവയുടെ മകൻ അബ്ദുൽ മനാഫാണ് (33) മരിച്ചത്. പറവൂർ കവല സിഗ്നലിൽ ഇന്നലെ പുലർച്ചെ 5.45 ഓടെയാണ് അപകടം. ആലുവ ഭാഗത്തേക്കുവന്ന മിനിലോറി ഗ്രീൻ സിഗ്‌നൽ തെളിയുന്നതിനായി നിർത്തിയിട്ടിക്കുകയായിരുന്നു. ഇതിനിടയിൽ സ്കൂട്ടർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറി. അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ലോറിയുടെ പിൻഭാഗം ഉയർത്തിയാണ് മനാഫിനെ പുറത്തെടുത്തത്. ഉടനെ ആലുവ നജാത്ത് ആശുപത്രിയിലും പിന്നാലെ കളമശേരി മെഡിക്കൽ കോളേജിലും എത്തിച്ചു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ ആസ്റ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊന്നാനിയിൽ ബജാജ് ഫിനാൻസ് കളക്ഷൻ ജീവനക്കാരനായിരുന്നു. ഇടപ്പള്ളിയിൽ ഇന്നലെ നിശ്ചയിച്ചിരുന്നന്ന ബജാജ് ഫിനാൻസ് ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു. 25ലേറെ തവണ രക്തദാനം നൽകിയിട്ടുള്ള മനാഫ് ബ്ളഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാകമ്മിറ്റി അംഗവും മുക്കാടി ഫ്രണ്ട്സ് ക്ളബ് സെക്രട്ടറിയുമായിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കബറടക്കം നടത്തി. ഭാര്യ: സബൂറ.