
കൊച്ചി: വിദ്യാർത്ഥികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ വായനാമധുരം പദ്ധതിക്ക് തുടക്കമായി. 'ഇന്ത്യൻ സ്വാതന്ത്ര്യസമരം കേരളവും അറിയപ്പെടാത്ത ഏടുകൾ', ശ്രീനാരായണഗുരു രചിച്ച 'ദൈവദശകത്തിന്റെ വൈദിക വ്യാഖ്യാനം'എന്നീ പുസ്തകങ്ങളാണ് തിരഞ്ഞെടുത്ത 25 സ്കൂളുകളിലെ 750 വിദ്യാർത്ഥികൾക്കും 75 സ്കൂൾ ലൈബ്രറികൾക്കുമായി വിതരണം ചെയ്യുന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അർഹിക്കുന്ന പരിഗണന കിട്ടാതെപോയ ചെമ്പിൽ അരയനും, ചെമ്പകരാമൻ പിള്ളയുമുൾപ്പെടെ നിരവധി മലയാളികളുടെ പങ്ക് വിവരിക്കുന്ന 20 ലേഖനങ്ങളുടെ സമാഹാരവും ദൈവദശകത്തിന്റെ വ്യാഖ്യാനവും കലൂർ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകത്തിന്റെ വൈദിക വ്യാഖ്യാനം തയ്യാറാക്കിയത് പി.കെ. ജയനാണ്.
തിരഞ്ഞെടുക്കപ്പെട്ട ഓരോ സ്കൂളിലേയും 30 വിദ്യാർത്ഥികൾക്ക് 350 രൂപ വിലയുള്ള രണ്ട് പുസ്തകങ്ങളും സൗജന്യമായി നല്കും. ഇതിനുപുറമെ നിലവിൽ പ്രവർത്തിക്കുന്ന ലൈബ്രറികൾ ഉള്ള 75 സർക്കാർ എയ്ഡഡ് സ്കൂളുകൾക്ക് 3000 രൂപ വിലയുള്ള പുസ്തകങ്ങളുമാണ് നല്കുന്നത്. എറണാകുളത്തിന് പുറമെ സമീപസ്ഥലങ്ങളിലെ താൽപര്യമുള്ള വിദ്യാലയങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം നല്കും.