കൊച്ചി: യേശുവിനെയും ക്രിസ്തുമതത്തെയും അവഹേളിച്ച് സംസാരിച്ച മതപ്രഭാഷകനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി വസീം അൽ ഹിക്കാമിക്ക് എതിരെയാണ് നടപടി. ബി.ജെ.പി നേതാവ് അനൂപ് ആന്റണിയുടെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർചെയ്തത്.

വസീം അൽ ഹിക്കാമിയുടെ യൂട്യൂബ് വീഡിയോയാണ് കേസിനാധാരം. മതവിദ്വേഷം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂർവം പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമാന സ്വഭാവമുളള മറ്റൊരു പരാതിയിൽ വസീം അൽ ഹിക്കാമിക്കെതിരെ കോട്ടയം സൈബർപൊലീസും കഴിഞ്ഞമാസം കേസെടുത്തിരുന്നു.