കൊച്ചി: കനത്തമഴ വില്ലനായതോടെ മുല്ലശേരി കനാൽ നവീകരണം പൂർണമായും നിലച്ചു. എം.ജി.റോഡുമുതൽ കായൽവരെയുള്ള ഭാഗത്തെ പ്രവൃത്തികളും നിറുത്തി. ഫാഷൻസ്ട്രീറ്റ് ഭാഗത്തെ നവീകരണത്തിനാണ് മഴ തടസം. മുല്ലശേരി കനാൽറോഡ് ഭാഗത്തെ പ്രവൃത്തികൾക്ക് കുരുക്കായത് പഴയപൈപ്പുകളും.
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക്ത്രൂവിന്റെ ഭാഗമായാണ് കനാൽ നവീകരണം. 10 കോടി രൂപയാണ് ചെലവ്.
ജൂണോടെ നവീകരണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും തടസങ്ങൾ വെല്ലുവിളിയായി. രണ്ടുമണിക്കൂർ തുടർച്ചയായി ശക്തമായ മഴപെയ്താൽ സൗത്ത് റെയിൽവേ സ്റ്റേഷൻ, എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, എം.ജി.റോഡ് എന്നിവിടങ്ങൾ ഈവർഷവും വെള്ളത്തിലാകുമെന്ന് ഇതോടെ ഉറപ്പായി.
മുല്ലശേരി കനാൽ നവീകരണം ഹൈക്കോടതിയും വീക്ഷിക്കുന്നുണ്ട്. കനാലിലെ പൈപ്പ് ലൈനുകൾ നീക്കാനുള്ള ജോലികൾക്ക് ടെൻഡർ നൽകിയെന്നും പുരോഗതി അറിയിക്കാമെന്നും വാട്ടർ അതോറിട്ടി അഭിഭാഷകൻ കഴിഞ്ഞമാസം കോടതിയെ അറിയിച്ചിരുന്നു.
തടസമായി സ്വീവേജ് പൈപ്പുകൾ
നവീകരണം പുരോഗമിക്കവേയാണ് കാനയ്ക്കടിയിൽ പഴയപൈപ്പുകൾ കണ്ടത്. 1960കളിലിട്ട ഈ പൈപ്പുകളിലൂടെയാണ് എം.ജി റോഡിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യങ്ങൾ എളംകുളത്തെ മലിനജല സംസ്‌കരണ പ്ലാന്റിലെത്തിക്കുന്നത്.
കനാൽ നവീകരണത്തിനിടെ ഈ പൈപ്പ് പൊട്ടിയാൽ നഗരത്തിൽ ജീവിക്കാനാവാത്ത സ്ഥിതിയാകും. ഈ പശ്ചാത്തലത്തിലാണ് 'റിസ്‌ക്" ഒഴിവാക്കാൻ പണി തത്കാലം നിറുത്തിയത്. പഴയവമാറ്റി പുതിയ കോൺക്രീറ്റ് പൈപ്പിടാൻ കോർപ്പറേഷൻ വാട്ടർ അതോറിട്ടിക്ക് നാലുകോടി രൂപ കൈമാറിയിട്ടുണ്ട്.
ഈവർഷം പൂർത്തിയാക്കും
''മുല്ലശേരി കനാൽ നവീകരണത്തിന് മഴ തടസമാണ്. ഈവർഷം തന്നെ നവീകരണം പൂർത്തിയാക്കും. പുരോഗതി വിലയിരുത്താൻ കളക്‌ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ഉടൻ വിളിക്കും""
എം.അനിൽകുമാർ, മേയർ