
ചോറ്റാനിക്കര: മുളന്തുരുത്തി ബ്ലോക്കിലെ പഞ്ചായത്തുകളിൽ തോടുകളും നീർത്തടങ്ങളും പുനരുജ്ജീവിപ്പിക്കാൻ മിഷൻ ഫ്രീ ഫ്ലോ പദ്ധതിക്ക് തുടക്കമിട്ടു. ഇതിനായി ടോക് എച്ച് കോളേജ് ഒഫ് എൻജിനിയറിംഗുമായി പ്രാഥമിക ചർച്ചകൾ നടന്നു.
2008ലെ നീർത്തട മാസ്റ്റർപ്ലാൻ അടിസ്ഥാനമാക്കി ഏരിയൽ സർവേ നടത്തി തോടുകളുടെയും നീർത്തടങ്ങളുടെയും പുഴയുടെയും നിലവിലെസ്ഥിതി പഠിക്കും. ടൂറിസം, കൃഷി സാദ്ധ്യകൾ ഉൾക്കൊള്ളിച്ച് നീരൊഴുക്ക് സുഗമമായി പുനഃസ്ഥാപിക്കാനുള്ള പദ്ധതികൾ മാസ്റ്റർ പ്ലാനിലുണ്ടാകും. വാർഡ് തലത്തിൽ റെസിഡന്റ്‌സ് അസോസിയേഷനുകൾ, പാടശേഖര സമിതികൾ, മറ്റു സന്നദ്ധസംഘടനകൾ തുടങ്ങിയവരുമായി ചർച്ച ചെയ്താണ് ഡി.പി.ആർ. തയ്യാറാക്കുക. സർവേ നടപടികൾ ഏകോപിപ്പിക്കാൻ ബ്ലോക്ക്, പഞ്ചായത്ത്, വാർഡ്തലത്തിൽ സമിതികൾ രൂപീകരിക്കും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ അദ്ധ്യക്ഷത വഹിച്ചു.