കൊച്ചി: യേശുക്രിസ്തുവിനെയും ക്രിസ്തുമതത്തെയും അവഹേളിച്ചതിന് മതപ്രഭാഷകൻ മലപ്പുറം കൊണ്ടോട്ടി സ്വദേശി വസീം അൽ ഹിക്കമി പ്രതിയായ കേസ് കോട്ടയം സൈബർ പൊലീസിന് കൈമാറി. ഇയാളെ പ്രതിചേർത്ത് സമാനസ്വഭാവമുള്ള കേസ് കോട്ടയം സൈബർ പൊലീസ് അന്വേഷി​ക്കുന്നുണ്ട്. അതിനാൽ കോടതി നിർദ്ദേശപ്രകാരം പുതിയ കേസും ഇതേ സംഘത്തിന് കൈമാറുകയായിരുന്നു. ബി.ജെ.പി നേതാവ് അനൂപ് ആന്റണിയുടെ ഹർജിയിൽ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് കൊച്ചി സൈബർ പൊലീസ് വസീം അൽ ഹിക്കമിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മതപ്രഭാഷകന്റെ യൂട്യൂബ് വീഡിയോയാണ് കേസിന് ആധാരം. ഡി.ജി.പിക്കും സൈബർ ക്രൈം വിഭാഗത്തിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനാൽ അനൂപ് കോടതിയെ സമീപിക്കുകയായിരുന്നു.