ആലുവ: ആലുവ നഗരത്തിൽ പെർമിറ്റ് തെറ്റിച്ചോടുന്ന സ്വകാര്യ സിറ്റിബസുകൾ യാത്രക്കാരെ പെരുവഴിയിലിറക്കുന്നതായി പരക്കെ പരാതി. ബസുകൾ നഗരം ചുറ്റാതെ യാത്രക്കാരെ തോന്നിയിടത്തിറക്കി യാത്ര അവസാനിപ്പിക്കുകയാണ്. പെർമിറ്റിന് വിരുദ്ധമായി സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ നടപടിയുമെടുക്കുന്നില്ല.
എറണാകുളത്തുനിന്ന് വരുന്ന ബസുകൾ ബൈപ്പാസ് കവലവഴി ബാങ്ക് കവല, പമ്പ് കവല, സീനത്ത്, പഴയ ബസ് സ്റ്റാൻഡ്, മസ്ജിദ് റോഡ്, മാർക്കറ്റ് റോഡുവഴി സ്റ്റാൻഡിൽ എത്തുന്നതിനാണ് പെർമിറ്റ് നൽകിയിട്ടുള്ളത്. എന്നാൽ ബൈപ്പാസ് ഭാഗത്തുനിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന ബസുകൾ ബാങ്ക് കവലയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നുവെന്നാണ് ആക്ഷേപം. നഗരത്തിലെ മറ്റ് ഭാഗങ്ങളിൽ ഇറങ്ങേണ്ട യാത്രക്കാരെ ഫെഡറൽബാങ്കിന് മുമ്പിൽ ഇറക്കും. എതിർപ്പ് പറയുന്നവർക്ക് മാത്രം അടുത്ത ബസിൽ യാത്ര ചെയ്യുന്നതിന് മിനിമംകൂലി നൽകി തലയൂരും.
നാലുവർഷം മുമ്പ് മാർക്കറ്റ് ഭാഗത്തുനിന്നും ക്ളോക്ക് ടവറിനോട് ചേർന്നുള്ള വഴിയിലൂടെ ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിച്ച് യാത്ര അവസാനിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ചിലർ ബൈപ്പാസ് കവല ഒഴിവാക്കി സ്റ്റാൻഡിലൂടെ കയറി നഗരംചുറ്റും. ഇത്തരത്തിൽ അമിതവേഗതയിൽ സ്റ്റാൻഡിലേക്ക് പ്രവേശിച്ച ബസിൽനിന്ന് യാത്രക്കാരി ഇറങ്ങുന്നതിന് മുമ്പേ ബസ് വിട്ടതോടെ അടിയിൽപ്പെട്ട് മരണമടഞ്ഞ സംഭവമുണ്ടായി. തുടർന്നുണ്ടായ പ്രതിഷേധത്തിൽ സ്റ്റാൻഡിന് പിന്നിൽ നിന്നുണ്ടായിരുന്ന പ്രവേശനകവാടം നഗരസഭ കോൺക്രീറ്റ് സ്ളാബ് നിരത്തി അടച്ചുകെട്ടി. ഇതോടെയാണ് ബാങ്ക് കവലയിൽനിന്ന് നേരിട്ട് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന സ്ഥിതിയുണ്ടായത്.
യാത്രക്കാരുടെ ദുരിതം തുടരുന്നു
ബസുകളുടെ റൂട്ട് തെറ്റിക്കൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ, കോളജുകൾ, മജിസ്ട്രേറ്റ് കോടതി, സബ്ട്രഷറി, വിവിധ പൊലിസ് ഓഫീസുകൾ, പി.ഡബ്ളിയു.ഡി ഓഫീസുകൾ, ഇ.എസ്.ഐ ഡിസ്‌പെൻസറി, എസ്.സി, എസ്.ടി കുട്ടികൾക്കുള്ള തൊഴിൽ പരിശീലനകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വരുന്നവർ കൂടുതൽ ദുരിതമനുഭവിക്കുകയാണ്. ബസുകളുടെ മരണപ്പാച്ചിലും യാത്രക്കാർക്ക് ദുരിതമാണ്. ബസുകളുടെ എണ്ണം വലിയതോതിൽ കുറഞ്ഞിട്ടും മത്സരത്തിനൊരു കുറവുമില്ല. ഇത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുമുണ്ട്.