കൊച്ചി: കുവൈറ്റിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ വീട്ടമ്മയ്ക്ക് മനുഷ്യക്കടത്ത് കേസിലെ ഒന്നാം പ്രതി മജീദിന്റെ (ഗസാലി) വാട്‌സ്ആപ്പ് ശബ്ദസന്ദേശം. കഴിഞ്ഞ ദിവസം മജീദ് വീഡിയോ കാൾ വിളിച്ചെങ്കിലും ഇവർ സ്വീകരിച്ചിരുന്നില്ല. പത്രക്കാരോട് എന്താണ് സംസാരിച്ചതെന്ന് ആരാഞ്ഞുകൊണ്ടായിരുന്നു ശബ്ദസന്ദേശം. കുവൈറ്രിൽ വച്ച് നല്ലരീതിയിൽ പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിടും, ക്രൂരനെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ഇല്ലാതാക്കും തുടങ്ങിയ കാര്യങ്ങളാണ് സന്ദേശത്തിലുള്ളത്. പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് വീട്ടമ്മ.
മജീദിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ ഒരു സ്ത്രീ വീട്ടമ്മയെ വിളിച്ചിരുന്നു. രണ്ട് മാസത്തെ ശമ്പളം കൊടുത്താൽ കേസിൽ നിന്ന് പിന്മാറാമോ എന്നും ചോദിച്ചു. മജീദ് ഇപ്പോഴും കുവൈറ്റിൽ ഒളിവിലാണെങ്കിലും ഫോൺ സജീവമാണ്. മജീദിനെ ഇന്ത്യൻ എംബസിയിൽ വീണ്ടും എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി എംബസിയ്ക്ക് കേസന്വേഷണത്തിന്റെ പുരോഗതി റപ്പോർട്ട് കൈമാറും.
കുവൈറ്റിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യക്കാരൻ മജീദ് അല്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കാരനെയും ഈജിപ്തുകാരനെയും കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്ന് ജോലിക്കായി സ്ത്രീകളെ കുവൈറ്റിലേക്ക് കടത്തിയ സംഘത്തിലുള്ളവരായിരുന്നു ഇവർ. വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ഇവർക്ക് നൽകിയിരുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഇവരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.