കോതമംഗലം: കുട്ടമംഗലം വില്ലേജിലെ ചാരുപാറ, ചീക്കോട്, കൂവപ്പാറ പ്രദേശങ്ങൾ തൊട്ടടുത്ത കീരംപാറ വില്ലേജിലേക്ക് ചേർക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ കീരംപാറ ലോക്കൽ കമ്മറ്റി റവന്യു മന്ത്രി കെ. രാജന് നിവേദനം നൽകി. കീരംപാറ പഞ്ചായത്തിലെ അഞ്ചാംവാർഡിലെ ചാരുപാറ, ചീക്കോട് പ്രദേശങ്ങളും ആറാം വാർഡിലെ കൂവപ്പാറയും കുട്ടമംഗലം വില്ലേജിലാണുള്ളത്.
ഈ പ്രദേശത്തെ നൂറോളം കുടുംബങ്ങൾ റവന്യു വില്ലേജ് ആവശ്യങ്ങൾക്കായി 35 കിലോമീറ്റർ സഞ്ചരിച്ചുവേണം നെല്ലിമറ്റത്തെ കുട്ടമംഗലം വില്ലേജ് ഓഫീസിലെത്താൻ. കീരംപാറ വില്ലേജ് ഓഫീസിലേക്ക് അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ. ലോക്കൽ സെകട്ടറി അഡ്വ.കെ.എസ്. ജ്യോതികുമാർ, കമ്മിറ്റി അംഗങ്ങളായ പി.എൻ. നാരായണൻ നായർ, കെ.പി. തോമസ്, എൻഎ.മാത്യു, സി.കെ. മാധവൻ, കെ.പി. ജോയി എന്നിവരാണ് നിവേദനം നൽകിയത്.