photo
നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിൽ കടൽ അടിച്ചു കയറിയ നിലയിൽ

വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിൽ വീണ്ടും കടൽക്ഷോഭം. വെളിയത്താംപറമ്പ് പള്ളി, ഷണ്മുഖവിലാസം ക്ഷേത്രം എന്നിവയ്ക്ക് സമീപം മണൽവാട തകർന്ന് അതിലൂടെയാണ് വെള്ളം അടിച്ചുകയറുന്നത്. ഇന്നലെ ഇവിടെ വീണ്ടും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മണൽച്ചാക്കുകൾ നിരത്തി കടൽവെള്ളം കയറുന്നത് പ്രതിരോധിക്കാൻ ശ്രമിച്ചുവെങ്കിലും അടിച്ചുകയറിയ തിരയിൽപ്പെട്ട് മണൽച്ചാക്കുകൾ ഒഴുകിപ്പോയി.

കടൽക്ഷോഭത്തിൽപ്പെട്ട് കാനപ്പിള്ളി ജോണിന്റെ വീട് തകർന്നുവീണു. നായരമ്പലത്ത് കടലാക്രണം തടയാൻ 28 കോടി രൂപയുടെ പദ്ധതി കഴിഞ്ഞ വർഷം മുൻമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനോദ് പറഞ്ഞു. കടലാക്രമണം ശാശ്വതമായി തടയുന്നതിന് സംസ്ഥാന സർക്കാർ ചെല്ലാനത്ത് നടപ്പാക്കിയതുപോലുള്ള നടപടികൾ നായരമ്പലത്ത് നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.