gopakumar

ആലുവ: ബിനാനിപുരത്ത് വ്യവസായ മേഖലയിൽ ഭൂഗർഭ അറയിൽ നിന്ന് പിടികൂടിയ സ്പിരിറ്റ് എത്തിച്ച ഡ്രൈവറെ എക്‌സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്ന് സ്പിരിറ്റ് എത്തിച്ച ഡ്രൈവർ കണ്ണൂർ തളിപ്പറമ്പ് തിമിരി മനാട്ടി തിരുനിലക്കാറ്റ് വീട്ടിൽ ടി.എസ്. ഗോപകുമാറി(32) നെയാണ് ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എം. മജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മാർച്ച് 30ന് കളമശേരിയിൽ ദേശീയപാതയിൽ വാഹന പരിശോധനയിലും കുര്യൻ എന്നയാളുടെ ഉടമസ്ഥതയിൽ എടയാർ ബിനാനിപുരത്തുള്ള ഗോഡൗണിലെ ഭൂഗർഭ അറയിൽ സൂക്ഷിച്ചു വച്ചതുമായി 8190 ലിറ്റർ സ്പിരിറ്റാണ് എക്‌സൈസ് കണ്ടെടുത്തത്. ഡ്രൈവറുടെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.