
മൂവാറ്റുപുഴ: കാലിഗ്രഫിയിൽ വിസ്മയം തീർത്ത മുഹമ്മദ് ഹിസാമിനു മൂവാറ്റുപുഴ പ്രവാസി ഫോറത്തിന്റെ ആദരം. ചിത്രകലാവാസനയെ കാലിഗ്രഫിയിലേക്ക് തിരിച്ചുവിട്ട് മികവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടംപിടിച്ചാണ് മുഹമ്മദ് ഹിസാം ശ്രദ്ധേയനായത്. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിയായ ഹിസാം സൗദി അറേബ്യയിലെ റിയാദ് അൽ ആലിയ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്.
അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് കാലിഗ്രാഫിയിലേക്ക് ചുവടുവച്ചത്. ഇതുവരെ 200ലധികം സൃഷ്ടികൾ പൂർത്തിയാക്കി. കാലിഗ്രഫിയിൽ കൂടുതൽ ഇഷ്ടം അറബിക് ഭാഷയാണ്. സ്വന്തം കൈപ്പടയിൽ എഴുതുന്ന ഖുർആൻ രചനയും നടക്കുന്നു. സൗദിയിലെ നിരവധി എക്സിബിഷനുകളിൽ ഈ അക്ഷരമെഴുത്തുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. നിരവധി കാലിഗ്രാഫി മത്സരങ്ങളിലും വിജയിയാണ് ഹിസാം. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി റിയാദ് ബത്തയിൽ ജോലി ചെയ്യുന്ന മൂലയിൽ മുജീബ് ആണ് പിതാവ്. റിയാദിലെ മോഡേൺ ഇൻറർനാഷണൽ സ്കൂളിലെ അദ്ധ്യാപിക ഹസീനയാണ് മാതാവ്. മിൻഹ മുജീബ് ഏക സഹോദരി. ഹിസാമിന്റെ വീട്ടിലെത്തി മൂവാറ്റുപുഴ പ്രവാസി ഫോറം ചെയർമാൻ നൗഷാദ് രണ്ടാർകര മൊമെന്റോ കൈമാറി. എക്സിക്യുട്ടിവ് അംഗങ്ങളായ അൻഷാജ് തേനാലി, അലി ലുലു, ജലാൽ കെ.കെ., ജാഫർ വി.എസ് എന്നിവർ പങ്കെടുത്തു.