മരട്: പ2022 - 23 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 25 കോടി രൂപയുടെ വികസനപദ്ധതികൾക്ക് വികസന സെമിനാർ രൂപം നൽകി.
ഉറവിട മാലിന്യ സംസ്കരണ പദ്ധതി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപിപ്പിക്കുന്നത് അടക്കമുള്ള പദ്ധതികളാണ് അംഗീകരിച്ചത്. സർക്കാർ അംഗീകൃത ഏജൻസിയായ പെലിക്കനുമായി ചേർന്ന് ഖരമാലിന്യ സംസ്കരണം നടപ്പിലാക്കും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ വാഹനം വാങ്ങൽ, ഇനോക്കുലം നിർമ്മാണ യൂണിറ്റ്, വനിതാ വ്യവസായ പരിശീലന കേന്ദ്രം, വയോജന ക്ഷേമം, വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾ, വിവിധ പദ്ധതികൾക്കായി ഭൂമി വാങ്ങൽ, വിവിധ തോടുകളുടെ നവീകരണം, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യവികസനം, ടേക് - എ - ബ്രേക്ക് മോഡൽ വിശ്രമ കേന്ദ്രവും ശുചിമുറിയും, ചലിക്കുന്ന നിരീക്ഷണ ക്യാമറകൾ, പി.എച്ച്.സികൾ, ഹോമിയോ ഡിസ്പെൻസറികൾ, ആയുർവേദ ആശുപത്രി തുടങ്ങി ആരോഗ്യ മേഖലയിലെ പദ്ധതികൾ, കുണ്ടന്നൂർ ജംഗ്ഷനിൽ ഓപ്പൺ സ്റ്റേജ്, സ്കൂളുകളുടെ നവീകരണം, മാങ്കായിൽ സ്കൂൾ ഗ്രൗണ്ട് നവീകരണം, ഷീ ജിംനേഷ്യം, ഭിന്നശേഷി സൗഹൃദ പദ്ധതികൾ, ട്രാൻസ്ജെന്റേഴ്സിന്റെ ക്ഷേമ പദ്ധതികൾ, കാർഷിക മേഖലയുടെ ആധുനികവത്കരണം, മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾ, സമ്പൂർണ്ണ എൽ.ഇ.ഡി നഗരം തുടങ്ങി നിരവധി ജനോപകാരപ്രദമായ പദ്ധതികളാണ് വികസന സെമിനാറിൽ സമർപ്പിച്ചത്.
ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, അജിത നന്ദകുമാർ, ബെൻഷാദ് നടുവിലവീട്, കൗൺസിലർ സി.ആർ.ഷാനവാസ്, മുനിസിപ്പൽ എൻജിനിയർ എം.കെ.ബിജു എന്നിവർ സംസാരിച്ചു.