മൂവാറ്റുപുഴ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വാളകം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചണ്ഡാലഭിക്ഷുകിയുടെ നൂറാം വാർഷികാഘോഷവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. വാളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എൽദോസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചവരെയും എം.ജി.യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്‌ സി മൈക്രോബയോളജിയിൽ മൂന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയേയും അനുമോദിച്ചു. വാർഡ് അംഗം പി.പി.മത്തായി ഉപഹാരങ്ങൾ കൈമാറി. ചണ്ഡാലഭിക്ഷുകിയുടെ കാലിക പ്രസക്തിയെപ്പറ്റി അനഘ സജീവൻ പ്രഭാഷണം നടത്തി. സി.ഡി.എസ് ചെയർപേഴ്സൺ സ്മിത സാബു,​ ലൈബ്രറി സെക്രട്ടറി സജി സി.കർത്ത, വൈസ് പ്രസിഡന്റ് ഇ.എ. രാഘവൻ എന്നിവർ സംസാരിച്ചു.