കൊച്ചി: വാട്ടിയ വാഴയിലയിൽ ചൂടു ചോറ്, തേങ്ങാചമ്മന്തി, ഓംലെറ്റ്, വറുത്ത മീൻ, തോരൻ, സാമ്പാർ... പത്ത് രൂപ ഉൗണിലൂടെ ജനശ്രദ്ധ നേടിയ നോർത്ത് ലിബ്ര ലോഡ്ജിലെ സമൃദ്ധി വിളമ്പുന്ന 'പൊതിച്ചോർ' വിഭവങ്ങളാണിവ. ഒരു പൊതിച്ചോറിന് വെറും 60 രൂപ മാത്രം. കൂടുതൽ ഓർഡറുകൾ ഉണ്ടെങ്കിൽ പൊതിച്ചോർ പറഞ്ഞ സ്ഥലത്ത് എത്തിച്ചുനൽകും. ആവശ്യമെങ്കിൽ മീൻ സ്പെഷ്യൽ ഇനങ്ങളും ലഭിക്കും. അതിന് അധികതുക നൽകണം. പൊതിച്ചോർ വിതരണം ഇന്നാരംഭിക്കും. കോർപ്പറേഷനുമായി ബന്ധപ്പെട്ട പരിപാടികളിൽ അടുത്തകാലത്തായി സമൃദ്ധിയിൽ നിന്നുള്ള പൊതിച്ചോറാണ് എത്തുന്നത്. രുചികരമായ ഭക്ഷണമെന്ന് ഏവരും അംഗീകാരം നൽകിയതോടെ സമൃദ്ധിയിൽ പൊതിച്ചോർ കൗണ്ടർ തുറക്കാൻ കോർപ്പറേഷൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

 അത്താഴവും റെഡി

സമൃദ്ധിയിലെ അടുക്കളയിൽ നിന്ന് കഴിഞ്ഞ ദിവസം മുതൽ അത്താഴവും വിളമ്പിത്തുടങ്ങി. കുത്തരിക്കഞ്ഞി, ചെറുപയർ പുഴുക്ക്, ചപ്പാത്തി, കുറുമ, ചിക്കൻ ഫ്രൈ തുടങ്ങിയവയാണ് വിഭവങ്ങൾ. 30 രൂപയാണ് നിരക്ക്. മൂന്ന് പീസ് ചിക്കൻ ഫ്രൈക്ക്, 40 രൂപ. സമൃദ്ധിയുടെ പ്രവർത്തന സമയം രാത്രി 9 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.

പ്രഭാതഭക്ഷണത്തിനും ആവശ്യക്കാരേറെയുണ്ട്. ഇഡ്ഡലി, സാമ്പാർ, പൂരി, ഇടിയപ്പം, മുട്ടക്കറി, കുറുമ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ

ശരാശരി 400 പേരാണ് പ്രഭാതഭക്ഷണത്തിനെത്തുന്നത്. 3500 പേർ ഉച്ച ഊണിനായി സമൃദ്ധിയെ ആശ്രയിക്കുന്നു.

 ഭക്ഷണം തികയുന്നില്ല

എത്രഭക്ഷണം വച്ചാലും ഒന്നും പാഴാകില്ലെന്നാണ് ആശ്വാസം. ജീവനക്കാർക്ക് ഭക്ഷണം കിട്ടാതെ വരുന്ന ദിവസങ്ങളുണ്ട്. ഒമ്പത് കുടുംബശ്രീ പ്രവർത്തകരുമായി കഴിഞ്ഞ ഒക്ടോബറിലാണ് സമൃദ്ധി പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ ജീവനക്കാരുടെ എണ്ണം 28 ആയി. രാവിലെ 5.30 -3, 6-9 എന്നിങ്ങനെ രണ്ടു ഷിഫ്റ്റുകളാണ്. മൂന്നു മണിക്ക് ജോലി കഴിഞ്ഞുപോകുന്നതിൽ കുറച്ചപേർ ആറിന് തിരിച്ചെത്തും. പിറ്റേ ദിവസത്തേക്കുള്ള പച്ചക്കറികൾ അവർ അരിഞ്ഞുവയ്ക്കും. അത്താഴത്തിനും ഏറെ ആവശ്യക്കാരുണ്ട്. പൊതിച്ചോർ വഴി പത്ത് രൂപ ഉൗണിന്റെ സാമ്പത്തിക നഷ്ടം നികത്താമെന്ന് പ്രതീക്ഷിക്കുന്നു.

ഷീബാലാൽ

ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ

 സമൃദ്ധിയെ സ്വയംപര്യാപ്തമാക്കും

പത്തു രൂപ ഉൗണിന്റെ നഷ്ടം ഓരോ മാസവും കണക്കാക്കുന്നുണ്ട്. സർക്കാർ സബ്സിഡിക്ക് പുറമെ വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനകളുടെയും സഹായത്താലാണ് മുന്നോട്ടുനീങ്ങുന്നത്. സമൃദ്ധിയുടെ പൂർണ ചുമതല കാലക്രമേണ നടത്തിപ്പുകാരെ ഏൽപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കോർപ്പറേഷൻ ഇതിൽ നിന്ന് പിന്മാറും. ഇത്രയും തൊഴിൽ അവസരങ്ങൾ ഒരുക്കാൻ കഴിയുന്നതിൽ സംതൃപ്തിയുണ്ട്.

എം. അനിൽകുമാർ

മേയർ

പൊതിച്ചോറിന് വിളിക്കാം

9446319904