മൂവാറ്റുപുഴ: മണ്ണിടിച്ചിൽ ഭീഷണി നിലനിക്കുന്ന പോയാലി മലയിൽ സംരക്ഷണ ഭിത്തികെട്ടാൻ മൂവാറ്റുപുഴ ആർ.ഡി.ഒ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ ധാരണ. ഉയർന്ന പ്രദേശമായതിനാൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുവാൻ സാദ്ധ്യയുണ്ടെന്നാണ് മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇൗ സാഹചര്യത്തിലാണ് ജിയോളജി വകുപ്പ് നിർദേശിച്ച ജിയോ ടെക്നിക്കൽ വിംഗ് മുഖേന ശാസ്ത്രീയ പരിശോധന നടത്തി സംരക്ഷണ ഭിത്തി കെട്ടി പ്രദേശം സുരക്ഷിതമാക്കണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നത് .

സ്വകാര്യ പ്ലൈവുഡ് കമ്പനിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പോയാലി മലയുടെ താഴ്ഭാഗത്ത് മണ്ണ് എടുത്തതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചെ മലയിടിഞ്ഞ് വീണ് കമ്പനിയുടെ ചുറ്റുമതിലടക്കം റോഡിൽ പതിച്ചിരുന്നു. പിന്നാലെയുണ്ടായ നാട്ടുകാരുടെ പ്രതിഷേധമാണ് ആർ.ടി.ഒ ഓഫീസിൽ അടിയന്തിര യോഗം ചേരാൻ കാരണമായത്. മലയിടിച്ച് മണ്ണെടുക്കൽ അടക്കമുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ജില്ലാമേധാവികൾക്ക് നിർദ്ദേശം നൽകാമെന്ന് ആർ.ഡി.ഒ യോഗത്തിൽ ഉറപ്പ് നൽകി. മേഖലയിലെ പുറമ്പോക്ക് ,തരിശ് ഭൂമി ഉൾപ്പെടുന്നുണ്ടോയെന്ന് ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാർക്കും ആർ.ഡി.ഒ നിർദ്ദേശം നൽകി. മണ്ണും കല്ലും ഇടിഞ്ഞ് വീണ് റോഡിനുണ്ടായ കേടുപാടുകൾ വസ്തു ഉടമസ്ഥന്റെ ചെലവിൽ നവീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ന യോഗത്തിൽ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, തഹസിൽദാർ കെ.എസ്. സതീശൻ, തഹസിൽദാർ (ഭൂരേഖ) അസ്മാ ബീവി , പായിപ്ര പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, വില്ലേജ് ഓഫീസർ, പരാതിക്കാർ, വസ്തു ഉടമസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നിരപ്പ് - പോയാലി- മില്ലുപടി റോഡിന് സമീപം പോയാലി മലയുടെ താഴ് ഭാഗത്താണ് പ്ലൈവുഡ് കമ്പനി നിർമ്മിക്കുന്നതിനായി മലയുടെ അടിഭാഗത്ത് നിന്നും മണ്ണെടുത്തത്. ചരിഞ്ഞ് കിടക്കുന്ന ഭൂമിയിലെ മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത് വന്നിരുന്നു. മലഇടിയുമെന്ന് ചൂണ്ടികാണിച്ചായിരുന്നു നാട്ടുകാർ രംഗത്തെത്തിയത്. എന്നാൽ ഇതെല്ലാംഅവഗണിച്ച് പായിപ്ര പഞ്ചായത്ത് സെക്രട്ടറി ബിൽഡിംഗ് പെർമിറ്റും ലാന്റ് ഡവലപ്മെന്റ് പ്ലാനും, വ്യവസായ വകുപ്പിന്റെ അക്നോളഡ്ജ്മെന്റ് സർട്ടിഫിക്കറ്റും, ഫയർആന്റ് റസ്ക്യുവിന്റെ എൻ.ഒ.സിയും , പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കൺസെന്റ് സർട്ടിഫിക്കറ്റും സ്ഥലമുടമകൾക്ക് നൽകുകയായിരുന്നു. 40 ഡിഗ്രി ചെരിവുള്ള പോയാലിമലയുടെ ഇൗ ഭാഗത്ത് പഞ്ചായത്തിന്റെ സൈറ്റ് അപ്രൂവൽആന്റ് ബീൽഡിംഗ് പെർമിറ്റിൽ 1.5 മീറ്റർ വരെ ആഴത്തിൽ മണ്ണെടുക്കുന്നതിനാണ് അനുമതി കൊടുത്തിരുന്നതെങ്കിലും അതിൽ കൂടുതൽ ആഴത്തിലാണ് മണ്ണ് നീക്കിയത്. ഇതാണ് ശക്തമായ മഴയിൽ മണ്ണിടിയാൻ കാരണമായത്. സംഭവം വിവാദമായതോടെ ബുധനാഴ്ച തന്നെ റവന്യൂ വകുപ്പും പഞ്ചായത്തും നിർമ്മാണം നിർത്തിവക്കുവാൻ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.