മൂവാറ്റുപുഴ: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ വഴി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ആധുനിക കോഫി കിയോസ്ക് "പിങ്ക് കഫേ " മൂവാറ്റുപുഴയിൽ പ്രവർത്തനം തുടങ്ങി. ആവോലി പഞ്ചായത്തിലെ ആനിക്കാട് ചിറക്കരികിൽ തുറന്ന പിങ്ക് കഫേയിൽ നാടൻ ഭക്ഷണ വിഭവങ്ങളും ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ മുഖ്യപ്രഭാഷണവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനജേർ പി.ആർ. അരുൺ പദ്ധതി വിശദീകരണവും നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് തെക്കുംപുറം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബിൾ സാബു, കെ.ജി.രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ഷെഫാൻ, ബിന്ദു ജോർജ്, ബിജു ജോസ്, അഷറഫ് മൈതീൻ, സൗമ്യ ഫ്രാൻസീസ്, രാജേഷ് പൊന്നും പുരയിടം, ഷാജു വടക്കൻ, പഞ്ചായത്ത് സെക്രട്ടറി എം.കെ. ദീപ കുമാരി, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ പി.എസ്. സജിത എന്നിവർ സംസാരിച്ചു. പുലർച്ചെ 5 മുതൽ വൈകിട്ട് 7 വരെയാണ് പിങ്ക് കഫേയുടെ പ്രവർത്തന സമയം. പദ്ധതിക്കായി 3 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ചെലവിടും. 1.5 ലക്ഷം രൂപ കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട് (സി.ഇ.എഫ്) വഴിയുള്ളതാണ്. 50.000 രൂപയാണ് കുടുംബശ്രീ ചെലവഴിക്കുക.