കാലടി: പക്ഷാഘാതംവന്ന് ആറുവർഷമായി കിടപ്പിലായ മദ്ധ്യവയസ്കന്റെ വീട് ജപ്തിചെയ്യാൻ വന്ന ഉദ്യോഗസ്ഥർ സി.പി.എം നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് ജപ്തിചെയ്യാതെ മടങ്ങി. അയ്യമ്പുഴ പഞ്ചായത്തിൽ അമ്പാട്ടുവീട്ടിൽ സുരേഷിന്റെ (50) വീടാണ് രാവിലെ പതിനൊന്നോടെ കർണാടക ബാങ്ക് ആലുവശാഖയിലെ ഓഫീസർമാർ ജപ്തിചെയ്യാൻ എത്തിയത്. ജൂണിലും 50000രൂപപലിശ ബാങ്കിൽ അടച്ചിരുന്നുവെന്ന് സുരേഷ് പറഞ്ഞു. ജപ്തിനടപടികൾ തുടങ്ങിയ സമയത്ത് എത്തിയ സി.പി.എം അയ്യമ്പുഴ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബാങ്ക് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അഞ്ചുലക്ഷം രൂപയാണ് ബാങ്കിൽ അടക്കേണ്ടത്. ഈ തുകയും പലിശയും ഗഡുക്കളായി അടക്കാമെന്ന ഉറപ്പിൽ തത്കാലം ജപ്തിനടപടികൾ ഒഴിവാക്കി ഉദ്യോഗസ്ഥർ മടങ്ങി.