
പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്കിന്റെ പഴയ ആസ്ഥാനമായ കച്ചേരിക്കുന്ന് കാടുകയറി നശിക്കുന്നു. അധികൃതരുടെ അനാസ്ഥയാണ് കച്ചേരിക്കുന്നിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്.
2010ൽ താലൂക്ക് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് കച്ചേരിക്കുന്ന് അവഗണിക്കപ്പെടാൻ തുടങ്ങിയത്. കോടതി, പൊലീസ് സ്റ്റേഷൻ, വാട്ടർ അതോറട്ടറി ഓഫീസ്, നഗരസഭാ ഓഫീസ്, പോസ്റ്റ് ഓഫീസ് തുടങ്ങിയവ പ്രവർത്തിച്ചിരുന്ന നഗരത്തിലെ തിരക്കേറിയ സ്ഥലമായ കച്ചേരിക്കുന്ന് ഇപ്പോൾ കൂറ്റൻ മരങ്ങളും കാടുകളും പുല്ലുകളും വളർന്ന് മൂടിയ അവസ്ഥയിലാണ്. ചുറ്റുമതിലുകൾ തകർന്നതിനാൽ മാലിന്യ നിക്ഷേപ കേന്ദ്രമായും മലമൂത്രവിസർജ്ജന കേന്ദ്രമായും മാറിയിരിക്കുകയാണ് ഇവിടം. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളും മരഅവശിഷ്ടങ്ങളും കച്ചേരിക്കുന്നിൽ കൂട്ടിയിട്ടിരിക്കുന്നു. തെരുവു നായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളം കൂടിയാണിത്. പാഴ്മരങ്ങളുടെ വേരുകൾ ഇറങ്ങി കോടതിക്ക് അഭിമുഖമായി വരുന്ന മതിൽകെട്ടുകൾ ഏതു സമയത്തും നിലംപൊത്തും എന്ന അവസ്ഥയായിക്കഴിഞ്ഞു. കച്ചേരിക്കുന്നിൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണത്തിനുള്ള 45 ലക്ഷം രൂപയുടെ പദ്ധതിയുടെ അനുമതിക്കായി അയച്ചിട്ടുണ്ടെന്ന് മുമ്പ് കൊടുത്ത പരാതിക്ക് മറുപടി ലഭിച്ചെങ്കിലും നാളിതുവരെ നടപടിയായിട്ടില്ല. കച്ചേരിക്കുന്നിലെ പഴയ താലൂക്ക് ആസ്ഥാനത്തിന്റെ സ്ഥലവും തൊട്ടുചേർന്നുള്ള എ.ഇ. ഓഫീസിന്റെ സ്ഥലവും കൂട്ടിച്ചേർത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഉതകുന്ന കെട്ടിടം പണിയുക എന്നുള്ളതാണ് ആവശ്യം. പട്ടാലിലെ ആർ.ടി. ഓഫീസ് ഉൾപ്പെടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളും ഇവിടേക്ക് മാറ്റണമെന്നതും ആവശ്യമാണ്. കച്ചേരിക്കുന്നിന്റെ ദുരവസ്ഥ മാറ്റാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനായ എം.ബി. ഹംസ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.