
പെരുമ്പാവൂർ: അറബിഭാഷയിൽ മികവു തെളിയിച്ച് ശ്രദ്ധനേടിയെടുത്ത് സഹോദരിമാരായ ദേവപ്രിയയും സോനപ്രിയയും.അറബി അദ്ധ്യാപകരാകുകയാണ് ഇവരുടെ ആഗ്രഹം.
സ്കൂൾ തലം മുതൽ അറബിയെ ഇഷ്ടവിഷയമാക്കിയാണ് ദേവപ്രിയയും സോനപ്രിയയും പഠനം മുന്നോട്ടുകൊണ്ടുപോയത്.
പെരുമ്പാവൂർ ഗവ.ഗേൾസ് ഹൈസ്‌കൂളിൽവച്ച് അറബിയിൽ അടിത്തറ നേടിയ ഇരുവരും എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവുമെടുത്തു. ദേവപ്രിയ ബിരുദാനന്തര ബിരുദവും നേടി.
വർഷങ്ങൾക്ക് മുമ്പ് ഇവരുടെ മാതാപിതാക്കൾ പെരുമ്പാവൂർ ഗവ.ഗേൾസ് ഹൈസ്‌കൂളിലെത്തി മക്കൾക്ക് ആറാം ക്ളാസിലും എട്ടാം ക്ലാസിലും അറബി ഫസ്റ്റ് ലാംഗ്വേജായി വേണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഹെഡ്മാസ്റ്റർ സ്‌കൂളിലെ അറബിക് അദ്ധ്യാപകരായ സലിം ഫാറൂഖി, ടി.വി.പരീത് എന്നിവരോട് അഭിപ്രായം ആരാഞ്ഞപ്പോൾ അവർ സമ്മതംമൂളി.
എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിലും എ പ്ലസോടെ ഇരുവരും പാസാകുകയും ചെയ്തു. അറബിക് മുഖ്യവിഷയമായെടുത്ത് ബിരുദം 78 ശതമാനം മാർക്കോടെ ജയിച്ച ദേവപ്രിയ എം.എ. അറബിക്കും നേടി. 80 ശതമാനം മാർക്കോടെയാണ് സോനപ്രിയയും ബിരുദമെടുത്തത്. ഇപ്പോൾ അറബിക് ബി.എഡിന് അഡ്മിഷൻ കാത്തുനിൽക്കുകയാണ് രണ്ടുപേരും. പെരിയാർ റൈസ്‌മിൽ ജോലിക്കാരനായ ഒക്കൽ പിലാപ്പിള്ളിയിൽ പി.എസ്. ലാലുവിന്റെയും വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസ് അസിസ്റ്റന്റ് സ്മിതയുടെയും മക്കളാണ് ഇരുവരും.