okkal

പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് 15-ാം വാർഡ് തുരുത്ത് പഴയ കടവ് റോഡ് തകർന്നു. വെള്ളക്കെട്ട് മൂലം പല ഭാഗങ്ങളിലും റോഡ് സഞ്ചാരയോഗ്യമല്ലാതെയായി. വെള്ളക്കെട്ടുമൂലം കൊതുക് പെറ്റു പെരുകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ, ഒക്കൽ ഗവ.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലേക്ക് ധാരാളം വിദ്യാർത്ഥികൾ അടക്കമുള്ളവർ സഞ്ചരിക്കുന്ന റോഡാണിത്. ഒക്കൽ തുരുത്ത് നിവാസികളും ഈ റോഡ് ഉപയോഗിക്കുന്നു. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മലമ്പനി, ഡെംഗിപ്പനി, എലിപ്പനി തുടങ്ങിയ രോഗ ഭീഷണി നിലനിൽക്കുകയാണ്.

മഴക്കാല ശുചീകരണത്തിന് സർക്കാർ അനുവദിച്ച 25000 രൂപ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഉപയോഗിക്കണമെന്ന് സി.പി.എം ഒക്കൽ ബ്രഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.