പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കുണ്ടൂർപാടം തോട് പുനർനിർമാണത്തിന്റെ ഭാഗമായി നീക്കംചെയ്ത മണ്ണ് വാർഡ് അംഗം അനധികൃതമായി കടത്തിക്കൊണ്ടുപോയി സ്വന്തം സ്ഥലം നികത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സി.പി.എം പ്രതിഷേധ ധർണ നടത്തി. സി.പി.എം ഒക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഡി. ഷാജി ഉദ്ഘാടനം ചെയ്തു.
എം.കെ.രാജഗോപാൽ, വനജ തമ്പി, പി.കെ.സിജു, പി.ഇ. ഷംസുദ്ദീൻ, കെ.ബി.മൊയ്തീൻകുട്ടി, മിഥുൻ തമ്പി എന്നിവർ ധർണക്ക് നേതൃത്വം നൽകി. അതേസമയം, മണ്ണ് കടത്തി പാടം നികത്തിയെന്ന സി പി.എം ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി പറഞ്ഞു.