photo
ശ്രീ പരമേശ്വരൻ

വൈപ്പിൻ: തലപ്പൊക്കത്തിലും അഴകിലും മുൻപന്തിയിലുള്ള ശ്രീപരമേശ്വരൻ എന്ന കൊമ്പനാന ചെരിഞ്ഞു. 52 വയസായിരുന്നു. ബുധനാഴ്ച രാത്രി പത്തോടെ എടവനക്കാട് പഴങ്ങാട് ആനയെ പതിവായി കെട്ടിയിരുന്നിടത്താണ് ചെരിഞ്ഞത്. മദപ്പാട് കഴിഞ്ഞുള്ള വിശ്രമത്തിലായിരുന്നു ആന. ഹൃദയാഘാതമാണെന്നാണ് സൂചന.
എടവനക്കാട് നായർ അസോസിയേഷന്റെ കീഴിലുള്ള ആനയാണ് ശ്രീപരമേശ്വരൻ. 20വർഷംമുമ്പ് ബീഹാറിൽനിന്ന് കൊണ്ടുവന്ന ആനയ്ക്ക് 9.5 അടി ഉയരമുണ്ട്. തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രം, പാലിയംക്ഷേത്രം, പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, ചെറായി ഗൗരീശ്വര ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ പൂരങ്ങളിൽ എഴുന്നള്ളിക്കാറുണ്ട്. തിരുവാലൂർ മഹാദേവ ക്ഷേത്രത്തിലാണ് അവസാനമായി എഴുന്നള്ളിച്ചത്. ശരത്താണ് പാപ്പാൻ.

ആന ചെരിഞ്ഞതറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്ന് നിരവധി ആനപ്രേമികളെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മണ്ണുത്തിയിലെ വെറ്ററിനറി അസി. സർജൻ ഡോ. സി. ബിനോയുടെ നേതൃത്വത്തിലുള്ള സംഘം എടവനക്കാടെത്തി പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം സംസ്‌കരിക്കാൻ കൊണ്ടുപോയി. വനം വകുപ്പ് അധികൃതരും എത്തിയിരുന്നു.