ചേരാനല്ലൂർ: കുട്ടി സാഹിബ് റോഡിലെ ചിറ്റൂർ കോതാട് പാലത്തിൽ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് യാത്രാദുരിതം. കോൺക്രീറ്റ് പാളികൾ അടർന്നുപോയ ഭാഗങ്ങളിൽ ഇരുമ്പ് കമ്പികൾ പുറത്തു കാണുന്ന നിലയിലാണ്. ആസ്റ്റർ മെഡിസിറ്റിയിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസും ചിറ്റൂർ കോതാട് ബസുകളുമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ ഇത് വൻ അപകടഭീഷണി ഉയർത്തുകയാണ്. കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 2005 ലാണ് 175 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുള്ള പാലം നിർമ്മിച്ചത്. അന്ന് സ്പാനുകൾ കോൺക്രീറ്റ് ചെയ്തതിൽ പിന്നെ ഒന്നര പതിറ്റാണ്ടിനിടയിൽ പൊതുമരാമത്ത് വകുപ്പ് കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. കോൺക്രീറ്റ് അടർന്നു തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പരിഹരിക്കാൻ നടപടിയില്ല.