
അടിമാലി: ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരുമ്പുപാലം ഒഴുവത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിലി(22) ന്റെ മൃതദേഹമാണ് പന്ത്രണ്ടാംമൈൽ ചേറായി പാലത്തിന് സമീപം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ടായിരുന്നു യുവാവ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ പ്രഭാത നടത്തത്തിന് ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം കരക്കെത്തിച്ച് തുടർ നടപടികൾക്കായി മാറ്റി. യുവാവ് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ മീൻ പിടിക്കാനെത്തുകയും തുടർന്ന് അപകടത്തിൽപ്പെടുകയുമായിരുന്നു. അഖിൽ അപകടത്തിൽപ്പെട്ടത് മുതൽ അഗ്‌നിരക്ഷാ സേനാംഗങ്ങളുടെയും സ്‌കൂബാ ടീമിന്റെയും പ്രദേശവാസികളുടെയുമൊക്കെ നേതൃത്വത്തിൽ തുടർച്ചയായ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. പന്ത്രണ്ടാംമൈൽ, തൊട്ടിയാർ ഭാഗങ്ങളിൽ തിരച്ചിൽ സംഘം കഴിഞ്ഞ ദിവസങ്ങളിൽ യുവാവിനായി പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ രാവിലെ മൃതദേഹം പുഴയോരത്ത് കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.