പള്ളുരുത്തി: രൂക്ഷമായ കടലാക്രമണത്തിൽ ദുരിതത്തിലായ കണ്ണമാലിയിൽ ഫോർട്ടുകൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജും സംഘവും സന്ദർശനം നടത്തി. കടൽ നാശംവിതച്ച ഇവിടെ മുതിർന്നഉദ്യോഗസ്ഥർ എത്താത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
ദുരിതബാധിതരോട് സംസാരിച്ച് സ്ഥിതിഗതികൾ സംഘം വിലയിരുത്തി. കടലാക്രമണം നേരിടാൻ അടിയന്തര പ്രതിരോധ സംവിധാനം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഹാർബർ നിർമ്മാണത്തിനുശേഷം ബാക്കിയുള്ള കല്ലുകൾ കണ്ണമാലിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗംചേരും. മുൻകരുതൽ നടപടി സ്വീകരിക്കുന്നതിലെ പിഴവ് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പിനെതിരെയും പഞ്ചായത്തിനെതിരെയും ആരോപണമുയർന്നിട്ടുണ്ട്. ഏകോപനമില്ലായ്മ സംബന്ധിച്ചാണ് ആക്ഷേപങ്ങളേറെയും. ദുരിതബാധിത പ്രദേശങ്ങളിലേക്ക് പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്.
പഞ്ചായത്ത് പതിനാറാം വാർഡിലെ ഉപയോഗ ശൂന്യമായി കിടക്കുന്ന കരിങ്കല്ലുകൾ കടലാക്രമണം രൂക്ഷമായ എട്ടാംവാർഡിൽ നിരത്താൻ ഇറിഗേഷൻ എ.ഇക്ക് നിർദേശം നൽകണമെന്ന് കാണിച്ച് കൊച്ചി തഹസിൽദാർ ജില്ലാ കളക്ടർക്ക് കത്തുനൽകി.
ഇന്നലെ കടൽകയറ്റം കുറവായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിൽ പതിനഞ്ചോളം വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. ചെളിയും മണലും നിറഞ്ഞതിനാൽ വീടുകളിൽ പാചകം ചെയ്യുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുവാനും കഴിയുന്നില്ല. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ റവന്യൂ അധികൃതർ വീടുകളിൽ എത്തിച്ച് നൽകുന്ന ഭക്ഷണമാണ് നാട്ടുകാർക്ക് ആശ്രയം.